പഞ്ചാബ് മുഖ്യമന്ത്രിയുടെ വീട് പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘമെത്തി

പഞ്ചാബ് സര്‍ക്കാര്‍ എന്ന് രേഖപ്പെടുത്തിയ പഞ്ചാബ് രജിസ്‌ട്രേഷനുള്ള സ്വകാര്യ വാഹനങ്ങള്‍ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് നടപടി. പഞ്ചാബ് ഭവന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്ന് മദ്യവും പണവും എഎപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും കണ്ടെത്തിയതിന് പിന്നാലെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു.

author-image
Biju
New Update
sg

Bhagwant Singh Mann

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ ഡല്‍ഹിയിലെ വസതിയായ കപൂര്‍ത്തല ഹൗസില്‍ പരിശോധനയ്ക്ക് എത്തിയെന്ന് ആം ആദ്മി പാര്‍ട്ടി. 

പഞ്ചാബ് സര്‍ക്കാര്‍ എന്ന് രേഖപ്പെടുത്തിയ പഞ്ചാബ് രജിസ്‌ട്രേഷനുള്ള സ്വകാര്യ വാഹനങ്ങള്‍ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് നടപടി. പഞ്ചാബ് ഭവന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്ന് മദ്യവും പണവും എഎപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും കണ്ടെത്തിയതിന് പിന്നാലെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു.

ഫെബ്രുവരി അഞ്ചിന് ബിജെപിക്ക് ഡല്‍ഹിയിലെ ജനങ്ങള്‍ ശക്തമായ മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രിയും മുതിര്‍ന്ന എഎപി നേതാവുമായ അതിഷി മര്‍ലേന പറഞ്ഞു. ബിജെപിക്കാര്‍ പണവും ഷൂസുകളും ബെഡ്ഷീറ്റുകളും എല്ലാം പട്ടാപ്പകലാണ് വിതരണം ചെയ്യുന്നത്. ഇതൊന്നും അവര്‍ കാണുന്നില്ല. പകരം അവര്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയുടെ വസതിയില്‍ റെയ്ഡ് നടത്തുന്നുവെന്നും അതിഷി എക്സില്‍ കുറിച്ചു. ബിജെപിക്കുള്ള മറുപടി ഫെബ്രുവരി അഞ്ചിന് ജനം നല്‍കുമെന്നും അവര്‍ കുറിച്ചു.

അടുത്ത മാസം അഞ്ചിനാണ് ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണല്‍ നടക്കും. എഴുപതംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ്. എഎപിയാണ് ഡല്‍ഹിയില്‍ ഒരു പതിറ്റാണ്ടായി ഭരണം നടത്തുന്നത്. ഇവര്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് വിലയിരുത്തല്‍. അതേസമയം എഎപിയില്‍ നിന്ന് അധികാരം തിരിച്ച് പിടിക്കാമെന്ന മോഹത്തിലാണ് ബിജെപിയും കോണ്‍ഗ്രസും.