/kalakaumudi/media/media_files/2025/02/23/XEYo0NLSXnwDU9y5bugJ.jpg)
ന്യൂഡല്‍ഹി: ബിജെപി അധികാരത്തിലേറിയ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അതിഷി പ്രതിപക്ഷ നേതാവാകും. ഈ സ്ഥാനത്തേക്കു വനിതയെ തിരഞ്ഞെടുക്കുന്നത് ആദ്യമാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതയാകുന്നതും ഡല്‍ഹിയുടെ ചരിത്രത്തിലാദ്യം. ഇന്നു ചേര്‍ന്ന എഎപി നിയമസഭാകക്ഷി യോഗത്തില്‍ സഞ്ജീവ് ഝായാണ് അതിഷിയെ പ്രതിപക്ഷ നേതാവായി നിര്‍ദേശിച്ചത്. ബാക്കിയുള്ളവര്‍ പിന്തുണച്ചു. ''എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിനും പാര്‍ട്ടിക്കും നന്ദി. ജനങ്ങളുടെ ശബ്ദം ഉയര്‍ത്തുന്ന ശക്തമായ പ്രതിപക്ഷമാകും.'' അതിഷി പറഞ്ഞു.
27 വര്‍ഷത്തിനുശേഷം ഡല്‍ഹിയില്‍ ഭരണം കിട്ടിയ ബിജെപി രേഖ ഗുപ്തയെയാണു മുഖ്യമന്ത്രിയാക്കിയത്. കല്‍ക്കാജി മണ്ഡലത്തില്‍ ബിജെപിയുടെ രമേശ് ബിദൂരിയെ തോല്‍പ്പിച്ചാണ് അതിഷി സീറ്റ് നിലനിര്‍ത്തിയത്. കേജ്രിവാള്‍, മനീഷ് സിസോദിയ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന ആം ആദ്മി നേതാക്കള്‍ പരാജയപ്പെട്ടതോടെയാണ് അതിഷിക്കു നറുക്കുവീണത്.
ഡല്‍ഹി നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. മൂന്നു ദിവസത്തെ സമ്മേളനത്തില്‍, മുന്‍ എഎപി സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടുകള്‍ സഭയില്‍ വയ്ക്കുമെന്നു ബിജെപി അറിയിച്ചു. ഫെബ്രുവരി 5ന് നടന്ന തിരഞ്ഞെടുപ്പില്‍ 70 നിയമസഭാ സീറ്റുകളില്‍ 48 എണ്ണം നേടിയാണു ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയത്. ഭരണമുണ്ടായിരുന്ന എഎപി 22 സീറ്റുകളില്‍ ഒതുങ്ങി.