റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ല. പകരം സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി. സഖ്യത്തിൽ ഒന്നോ രണ്ടോ സീറ്റുകൾക്ക് വേണ്ടി വിലപേശുന്നതിൽ കാര്യമില്ലെന്നും ആംആദ്മി നേതാക്കൾ പറഞ്ഞു. ജാർഖണ്ഡിലെ പാർട്ടി ഘടകത്തിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞ ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. 2019ൽ81 സീറ്റുകളിൽ 21 ഇടത്ത് മത്സരിച്ചെങ്കിലും ഒരിടത്ത് പോലും വിജയിച്ചില്ല. ഈ സാഹചര്യം കൂടി മുന്നിൽ കണ്ടാണ് സംസ്ഥാനത്ത് മത്സരിക്കാനില്ല എന്ന നിലപാട് പാർട്ടി നേതൃത്വം സ്വീകരിച്ചത്.
അതിനിടയിൽ സംസ്ഥാനത്തെ ബിജെപി സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക വെള്ളിയാഴ്ച പുറത്തവന്നേക്കും എന്നാണ് വിവരം. പല മണ്ഡലങ്ങളിലും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. കോൺഗ്രസിന്റെയും ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തിറക്കാൻ ആണ് നീക്കം.
അതിനിടെ അമിത ആത്മവിശ്വാസം ഒഴിവാക്കി 2025 ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ഉത്സാഹത്തോടെ തയ്യാറാകണമെന്ന് അരവിന്ദ് കെജ്രിവാൾ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
ജാർഖണ്ഡിൽ നവംബർ 13 നും 20 നും രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 23 നാണ് വോട്ടെണ്ണൽ. നിലവിൽ ഇന്ത്യാ ബ്ലോക്ക് കക്ഷികളായ ജെഎഎമ്മും കോൺഗ്രസുമാണ് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത്. ഇവിടെ ഏത് വിധേനയും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
