രാമക്ഷേത്രത്തില്‍ സ്‌ഫോടനത്തിന് ഗൂഢാലോചന; പ്രതിയെ സഹതടവുകാരന്‍ കൊലപ്പെടുത്തി

ഞായറാഴ്ച രാത്രിയാണ് ജയിലിനുള്ളില്‍ ആക്രമണമുണ്ടായത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജമ്മു കശ്മീരില്‍ നിന്ന് ഫരീദാബാദിലെ നീംക ജയിലിലേക്ക് മാറ്റിയ അരുണ്‍ ചൗധരി എന്ന തടവുകാരനാണ് റഹ്മാനെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു

author-image
Biju
New Update
ayodhya

ഫരീദാബാദ്: അയോധ്യയിലെ രാമക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റിലാവുകയും ഹരിയാനയിലെ ഫരീദാബാദ് ജയിലില്‍ അടക്കുകയും ചെയ്ത പ്രതി കൊല്ലപ്പെട്ടു. സഹതടവുകാരന്‍ ആക്രമിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ അയോധ്യ മില്‍ക്കിപ്പൂര്‍ സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍ (19) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രിയാണ് ജയിലിനുള്ളില്‍ ആക്രമണമുണ്ടായത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജമ്മു കശ്മീരില്‍ നിന്ന് ഫരീദാബാദിലെ നീംക ജയിലിലേക്ക് മാറ്റിയ അരുണ്‍ ചൗധരി എന്ന തടവുകാരനാണ് റഹ്മാനെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി റഹ്മാന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.

2025 മാര്‍ച്ച് 2-നാണ് ഗുജറാത്ത് ഭീകരവിരുദ്ധ സേനയും ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് അബ്ദുള്‍ റഹ്മാനെ ഫരീദാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഗ്രനേഡ് സ്‌ഫോടനം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായും അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള അബു സുഫിയാന്‍ എന്ന ഭീകരനുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും പൊലീസ് ആരോപിച്ചിരുന്നു. അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാളുടെ പക്കല്‍ നിന്ന് രണ്ട് ഗ്രനേഡുകള്‍ കണ്ടെടുത്തതായും പൊലീസ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

അതേസമയം, മകന്‍ നിരപരാധിയാണെന്നും സുഹൃത്തുക്കള്‍ ചതിച്ചതാണെന്നും ആയിരുന്നു അറസ്റ്റിനുശേഷം അബ്ദുള്‍ റഹ്മാന്റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞത്. ഹൃദയസംബന്ധമായ അസുഖമുള്ള റഹ്മാന്‍ വെറുമൊരു ബാറ്ററി റിക്ഷാ തൊഴിലാളിയാണെന്നും കുടുംബം പറഞ്ഞു. സംഭവത്തില്‍ ജയില്‍ അധികൃതര്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.