/kalakaumudi/media/media_files/2025/09/14/vijay-2025-09-14-15-23-52.jpg)
ചെന്നൈ: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴക വെട്രി കഴകം (ടിവികെ) നേതവും നടനുമായ വിജയ് രംഗത്ത്. തിരഞ്ഞെടുപ്പിനെ പോലും അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന്് വിജയ് പറഞ്ഞു. സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ചുകൊണ്ട് തിരുച്ചിറപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു വിജയിയുടെ കേന്ദ്രസര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനം.
അടുത്തതായി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാനാണ് ബിജെപിയുടെ നീക്കം. എന്നാല്‍ 2029ല്‍ ഇവരുടെ ഭരണകാലാവധി അവസാനിക്കുമെന്ന് നമുക്ക് അറിയാം. എല്ലാവര്‍ക്കും ഒരേസമയത്ത് ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്താമെന്നതാണ് ഇവരുടെ ആശയം. അങ്ങനെയെങ്കില്‍ എളുപ്പത്തില്‍ ആളുകളെ പറ്റിക്കാമല്ലോ. ഇതിന്റെ പേരെന്താണ്? ഇത് ജനാധിപത്യത്തിന്റെ കൊലപാതകമല്ലെ- വിജയ് ചോദിച്ചു.
ദക്ഷിണേന്ത്യയെ ഇല്ലാതാക്കാന്‍ വേണ്ടിയുള്ള നിരവധി കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. അതിനെതിരെയാണ് അന്നും ഇന്നു എന്നും ടിവികെ സംസാരിക്കുന്നത്. ഇത് ഇന്ത്യയിലെ മുഴുവന്‍ ആളുകളോടും ചെയ്യുന്ന ദ്രോഹമാണ്. ആര്‍എസ്എസ് മാത്രമല്ല നിങ്ങളെ പറ്റിക്കുന്നത് ഡിഎംകെയും നിങ്ങളെ പറ്റിക്കുകയാണ്. പക്ഷെ ഡിഎംകെ നിങ്ങളെ വിശ്വസിപ്പിച്ചുകൊണ്ട് പറ്റിക്കുന്നു എന്നതാണ് വ്യത്യാസം. ഇവരെല്ലാവരും ഒരുമിച്ച് നിങ്ങള്‍ക്ക് സേവനം ചെയ്യുമെന്ന് കരുതിയല്ലെ നിങ്ങള്‍ വേട്ട് ചെയ്തത് പക്ഷെ നിങ്ങള്‍ നോക്കൂ.- വിജയ് കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ചയാണ് വിജയ്യുടെ ആദ്യത്തെ സംസ്ഥാന പര്യടനം ആരംഭിച്ചത്. തിരുച്ചിറപ്പള്ളിയില്‍ നിന്നാരംഭിച്ച പര്യടനം തമിഴ്‌നാട്ടിലെ 38 ജില്ലകളിലൂം സന്ദര്‍ശനം നടത്തും. ഡിസംബര്‍ 20വരെ പര്യടനം തുടരും.
ശനിയാഴ്ച വിമാനത്താവളത്തില്‍ നിന്നു സമ്മേളന വേദിയിലേക്കുള്ള ഏഴര കിലോമീറ്റര്‍ ദൂരം കനത്ത ജനത്തിരക്കു കാരണം നാലര മണിക്കൂര്‍ കൊണ്ടാണു പിന്നിടാനായത്. കനത്ത വെയിലില്‍ കാത്തു നിന്ന ഗര്‍ഭിണി അടക്കം ഇരുപത്തഞ്ചോളം പേര്‍ കുഴഞ്ഞുവീണു. പതിവു പോലെ ഡിഎംകെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു പ്രസംഗം. ഇതിനിടെ, ശബ്ദ സംവിധാനത്തില്‍ തകരാറുണ്ടായതിനെ തുടര്‍ന്നു 15 മിനിറ്റിനുള്ളില്‍ പരിപാടി അവസാനിപ്പിക്കേണ്ടി വന്നു.