/kalakaumudi/media/media_files/2025/10/10/singh-2025-10-10-07-30-54.jpg)
അമൃത്സര്‍: നടനും പ്രഫഷനല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍ (41) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തോളിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗുമന്‍ ചികിത്സ തേടുകയായിരുന്നെന്ന് മാനേജര്‍ യദ്‌വിന്ദ്രര്‍ സിങ് പറഞ്ഞു. ആശുപത്രിയില്‍ വച്ച് അഞ്ചുമണിയോടെ ഗുമന് ഹൃദയാഘാതം ഉണ്ടായതായി അനന്തരവന്‍ അമന്‍ജോട്ട് സിങ് ഗുമന്‍ പറഞ്ഞു.
സല്‍മാന്‍ ഖാനൊപ്പം 2023 ല്‍ ഇറങ്ങിയ ടൈഗര്‍3 യിലും 2014ല്‍ ഇറങ്ങിയ റോര്‍: ടൈഗേഴ്‌സ് ഓഫ് സുന്ദര്‍ബന്‍സ് 2019ല്‍ ഇറങ്ങിയ മര്‍ജാവന്‍ തുടങ്ങിയ ചിത്രങ്ങളിലും വരീന്ദര്‍ സിങ് അഭിനയിച്ചിട്ടുണ്ട്. 2012 ല്‍ പുറത്തിറങ്ങിയ കബഡി വണ്‍സ് എഗെയ്ന്‍ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.
വരീന്ദര്‍ സിങ് ഗുമന്‍ പഞ്ചാബിന്റെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ മരണം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും കേന്ദ്രമന്ത്രി രവനീത് സിംഗ് ബിട്ടു പറഞ്ഞു. കഠിനാധ്വാനത്തിലൂടെ ഗുമന്‍ ഫിറ്റ്‌നസ് ലോകത്ത് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചെന്നും അദ്ദേഹത്തിന്റെ ജീവിതം യുവജനങ്ങള്‍ക്ക് എന്നും പ്രചോദനമായിരിക്കുമെന്നും മന്ത്രി എക്‌സില്‍ കുറിച്ചു.