/kalakaumudi/media/media_files/2025/07/25/kamal-2025-07-25-16-58-54.jpg)
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തെന്നിന്ത്യന്‍ താരവും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴില്‍ ആയിരുന്നു സത്യപ്രതിജ്ഞ.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് ഡിഎംകെ കമലിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. 2025 ജൂണില്‍ ഒഴിവുവരുന്ന സീറ്റ് നല്‍കാമെന്നായിരുന്നു വാഗ്ദാനം. ജൂണ്‍ 6ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, വി.സി.കെ. നേതാവ് തിരുമാവളവന്‍, എംഡിഎംകെ നേതാവ് വൈകോ, തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ സെല്‍വപെരുന്തഗൈ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കമല്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. എതിരില്ലാതെ കമല്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കമലിന് പുറമെ മറ്റ് 5 പേര്‍ കൂടി കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നായിരുന്നു കമല്‍ഹാസന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ തന്റെ കടമ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കമല്‍ ഹാസന്റെ പാര്‍ട്ടിയായ എംഎന്‍എം സംസ്ഥാനത്ത് ഡിഎംകെ നയിക്കുന്ന മുന്നണിയില്‍ എത്തിയത്. രാജ്യസഭാംഗമായതോടെ ഇന്ത്യാ സഖ്യത്തിന്റെ പാര്‍ലമെന്റിലെ ഉറച്ച ശബ്ദമാകാന്‍ കമല്‍ഹാസന് സാധിക്കും.