/kalakaumudi/media/media_files/2025/01/17/roMFVhhQ19OpPqvIV5UC.jpg)
Mumbai Crime
മുംബൈ: വീട്ടില്‍ അതിക്രമിച്ചു കയറി ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പ്രതിയെന്നു സംശയിക്കുന്നയാളാണു പിടിയിലായതെന്നാണു സൂചന. കസ്റ്റഡിയിലുള്ള ഇയാളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ചോദ്യം ചെയ്യുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ബാന്ദ്ര പൊലീസ് ഇയാളെ സ്റ്റേഷനില്‍ എത്തിക്കുന്ന വിഡിയോ പുറത്തുവന്നു. ബാന്ദ്ര റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്നാണു വിവരം. ഇയാളാണോ സെയ്ഫിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയതും കുത്തിയതും എന്നു സ്ഥിരീകരിച്ചിട്ടില്ല. കുറ്റകൃത്യത്തിനു ശേഷം വേഷം മാറി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നു പൊലീസ് പറഞ്ഞു.
20 സംഘമായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. അതിസമ്പന്നരും സിനിമാതാരങ്ങളും താമസിക്കുന്ന ബാന്ദ്ര വെസ്റ്റില്‍ സെന്റ് തെരേസാ സ്‌കൂളിനു സമീപമുള്ള സദ്ഗുരു ശരണ്‍ എന്ന 13 നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ 4 നിലകളില്‍ 10000 ചതുരശ്ര അടി വസതിയിലാണു താരകുടുംബം താമസിക്കുന്നത്.
ആക്രമണത്തില്‍ കത്തി തുളഞ്ഞു കയറിയത് നടന്‍ സെയ്ഫ്അലി ഖാന്റെ നട്ടെല്ലിന് രണ്ടു മില്ലിമീറ്റര്‍ മാത്രം അകലെയായിരുന്നെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കത്തിയുടെ പതുതി ഭാഗം ശസ്തക്രിയയലൂടെ പുറത്തെടുക്കുയായിരുന്നെന്നും താരത്തിന്റെത് അത്ഭുത രക്ഷപെടലായിരുന്നെന്നും സെയ്ഫ് അലി ഖാനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.
സെയ്ഫ് രക്തത്തില്‍ കുളിച്ചാണ് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍, സെയ്ഫ് ഒരു കടുവയെപ്പോലെ ആണ് നടന്നു വന്നത്. യഥാര്‍ത്ഥ ജീവിതത്തിലും സെയ്ഫ് ഒരു 'ഹീറോ' ആണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇനി സെയ്ഫിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഓപ്പറേഷന്‍ ചെയ്ത ന്യൂറോ സര്‍ജന്‍ ഡോ. നിതിന്‍ ഡാങ്കേ പറഞ്ഞു. 'സെയ്ഫ് സുഖമായിരിക്കുന്നു, ഇന്ന് നടക്കാന്‍ തുടങ്ങി. അണുബാധ ഒഴിവാക്കാന്‍ സന്ദര്‍ശകരുടെ പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സെയ്ഫിനെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സെയ്ഫിനെ ഇതിനകം ഐസിയുവില്‍ നിന്ന് മാറ്റി പ്രത്യേക മുറിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും സെയ്ഫിനോട് വിശ്രമിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഡോ ഡാങ്കെ പറഞ്ഞു. വിശ്രമം അത്യാവശ്യമാണ് അല്ലെങ്കില്‍ നടുഭാഗത്തെ മുറിവില്‍ വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.'
അതേസമയം, സെയ്ഫിന്റെ മൂത്തമകന്‍ ഇബ്രാഹിം അദ്ദേഹത്തെ ആശുപത്രിയില്‍ അനുഗമിച്ചുവെന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി, അപകടം നടന്ന രാത്രിയില്‍ പരിക്കേറ്റ പിതാവിനൊപ്പം വന്നത് ഇളയമകനായ തൈമൂര്‍ ആയിരുന്നുവെന്ന് ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.