മുംബൈ: ബോളിവുഡ്താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജരായിരുന്ന ദിശാ സാലിയന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് സതീഷ് സാലിയന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ശിവസേനാ നേതാവും മുന്‍മന്ത്രിയുമായ ആദിത്യ താക്കറെയുടെപേരില്‍ കേസെടുത്ത് അന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് പിതാവിന്റെ ആവശ്യം. ദിശാ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കോടതിയില്‍ തന്റെഭാഗം അവതരിപ്പിക്കുമെന്നും ആദിത്യ താക്കറെ പറഞ്ഞു.
മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നും സ്വാധീനമുള്ള ചില വ്യക്തികളെ സംരക്ഷിക്കാന്‍ അന്വേഷണം അട്ടിമറിച്ചുവെന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. 2020 ജൂണ്‍ എട്ടിന് മലാഡിന് സമീപം ഒരു കെട്ടിടത്തിന്റെ 14-ാം നിലയില്‍നിന്ന് വീണാണ് ദിശാ സാലിയന്‍ മരിച്ചത്. സംഭവത്തില്‍ ആദിത്യ താക്കറേയ്ക്കും പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. അന്ന് സിറ്റി പോലീസ് അപകടമരണ റിപ്പോര്‍ട്ട് (എഡിആര്‍) പ്രകാരം കേസ് രജിസ്റ്റര്‍ചെയ്തു. ഈ സംഭവം കഴിഞ്ഞ് ആറുദിവസത്തിനുശേഷം സുശാന്ത് സിങ് രാജ്പുത്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തി. ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ ഉദ്ധവ് താക്കറെയായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി.
ദിശാ സാലിയന്‍കേസ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് ബിജെപി നേതാവ് നാരായണ്‍ റാണെയാണ് ആദ്യം രംഗത്തുവന്നത്. ഇപ്പോള്‍ കേസ് വീണ്ടും ഹൈക്കോടതിയിലെത്തിയതോടെ അദ്ദേഹത്തിന്റെ മകനും മന്ത്രിയുമായ നിതേഷ് റാണെ ആദിത്യ താക്കറെയെ ലക്ഷ്യമിട്ട് രംഗത്തെത്തി. സുപ്രീംകോടതിയുടെ മുന്‍കാല തീരുമാനങ്ങള്‍ അനുസരിച്ച്, ഒരാള്‍ ബലാത്സംഗ ആരോപണം നേരിടുന്നുണ്ടെങ്കില്‍ അയാളെ അറസ്റ്റുചെയ്യണമെന്ന് റാണെ ആവശ്യപ്പെട്ടു. ആദിത്യ താക്കറെ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും ബിജെപി അംഗങ്ങള്‍ ഇക്കാര്യം നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റാണെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആദിത്യ താക്കറെയെ ലക്ഷ്യംവെക്കുന്ന പുതിയ നീക്കത്തിനുപിന്നില്‍ ബിജെപിയാണെന്ന് നിയമസഭാ കൗണ്‍സിലിലെ പ്രതിപക്ഷനേതാവും ശിവസേന (യുബിടി) നേതാവുമായ അംബാദാസ് ദാന്‍വെ ആരോപിച്ചു. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന് കേസന്വേഷിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദിശാ സാലിയന്റെ പിതാവ് അഞ്ചുവര്‍ഷമായി മൗനംപാലിച്ചത് എന്തുകൊണ്ടാണെന്ന് എന്‍സിപി (എസ്പി) നേതാവ് ജിതേന്ദ്ര അവാദ് ആരാഞ്ഞു. ഇപ്പോഴത്തെ നീക്കം രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു