വിജയ്‌യെ 6 മണിക്കൂര്‍ സിബിഐ ചോദ്യം ചെയ്തു; നാളെയും ഹാജരാകാന്‍ നോട്ടിസ്

2025 സെപ്റ്റംബറില്‍ കരൂരിലുണ്ടായ അപകടത്തെ കുറിച്ചും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സംഭവിച്ച വീഴ്ചയെ കുറിച്ചുമാണ് ഇന്നു പ്രധാനമായും സിബിഐ ചോദിച്ചത്.

author-image
Biju
New Update
vijay 3

ന്യൂഡല്‍ഹി: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടനും ടിവികെ നേതാവുമായ വിജയ്യെ 6 മണിക്കൂര്‍ സിബിഐ ചോദ്യം ചെയ്തു. നാളെയും അന്വേഷണ സംഘത്തിനു മുന്‍പാകെ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ വിജയ്ക്ക് സിബിഐ നോട്ടിസ് നല്‍കി. എന്നാല്‍ വിജയ് ഹാജരാകില്ലെന്നാണ് വിവരം. 2025 സെപ്റ്റംബറില്‍ കരൂരിലുണ്ടായ അപകടത്തെ കുറിച്ചും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സംഭവിച്ച വീഴ്ചയെ കുറിച്ചുമാണ് ഇന്നു പ്രധാനമായും സിബിഐ ചോദിച്ചത്. അതേസമയം റാലിയില്‍ പങ്കെടുക്കാന്‍ വിജയ് എത്താന്‍ വൈകിയതിന്റെ കാരണങ്ങളും സിബിഐ ആരാഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

റാലി നടന്ന സ്ഥലത്ത് 7 മണിക്കൂര്‍ വൈകിയാണ് വിജയ് എത്തിയിരുന്നത്. ഈ സമയം ആള്‍ക്കൂട്ടം നിയന്ത്രണാതീതമായി പെരുകാനും ആളുകള്‍ ക്ഷീണിക്കുന്നതിനും കാരണമായി. വിജയ്യുടെ കരൂരിലെ റാലിയില്‍ തിക്കിലും തിരക്കിലും ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ 41 പേരാണ് മരിച്ചത്. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ തെറ്റായ നടപടികളാണ് അപകടത്തിനു കാരണമെന്ന് വിജയ് മൊഴി നല്‍കിയെന്നാണ് ലഭിക്കുന്ന സൂചന.

ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഇന്നു രാവിലെയാണ് വിജയ് ഹാജരായത്. ഇതിനായി രാവിലെ 7നാണ് സ്വകാര്യ വിമാനത്തില്‍ ചെന്നൈയില്‍നിന്നു വിജയ് പുറപ്പെട്ടത്. ടിവികെ നേതാവ് ആദവ് അര്‍ജുനയും വിജയ്ക്കൊപ്പം ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. സിബിഐക്കു മുന്നിലെത്തുന്നതിനു മുന്നോടിയായി സുരക്ഷയൊരുക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസിനു ടിവികെ കത്തു നല്‍കിയിരുന്നു. മറുപടിയായി സുരക്ഷയൊരുക്കുമെന്ന് ഡല്‍ഹി പൊലീസും അറിയിച്ചു. 

പാര്‍ട്ടി നേതാക്കളായ എന്‍.ആനന്ദ്, ആദവ് അര്‍ജുന, നിര്‍മല്‍ കുമാര്‍ എന്നിവരെ രണ്ടു തവണ സിബിഐ ചോദ്യം ചെയ്തിരുന്നു. ആദ്യമായാണു വിജയ്യെ ചോദ്യം ചെയ്യലിനു വിളിക്കുന്നത്. വിജയ് കരൂര്‍ ദുരന്ത സമയത്ത് ഉപയോഗിച്ചിരുന്ന പ്രചാരണ വാഹനവും കഴിഞ്ഞ ദിവസം സിബിഐ വിശദമായി പരിശോധിച്ചിരുന്നു.

അതിനിടെ 'ജന നായകന്‍' റിലീസ് പ്രശ്‌നത്തിലും കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ ചോദ്യം ചെയ്യലിലും കുരുങ്ങിക്കിടക്കുന്ന വിജയിക്ക് മേല്‍ ഇടിത്തീയായി ആദായ നികുതിക്കേസും. 2015ല്‍ റിലീസായ 'പുലി' എന്ന ചിത്രത്തിനു വാങ്ങിയ 15 കോടി രൂപയുടെ പ്രതിഫലം ആദായനികുതി റിട്ടേണ്‍ രേഖകളില്‍ നിന്നു മറച്ചുവച്ചെന്ന കേസില്‍ അന്തിമവാദം ആരംഭിച്ചു. 15 കോടി രൂപ വെളിപ്പെടുത്തിയിട്ടില്ലെന്ന് 2015ല്‍ വിജയ്യുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണു കണ്ടെത്തിയത്.

തുടര്‍ന്ന് 2022 ജൂണില്‍ 1.50 കോടി രൂപ പിഴ ചുമത്തി. പിഴ ചുമത്തിയതു ചട്ടപ്രകാരമല്ലെന്ന വിജയ്യുടെ ഹര്‍ജിയില്‍ ആദായനികുതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നാല്‍, പിഴ ചുമത്തിയതില്‍ അപാകതയില്ലെന്നും കൃത്യമായ നടപടിക്രമം പാലിച്ചിട്ടുണ്ടെന്നും കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ആദായനികുതി വകുപ്പ് വ്യക്തമാക്കി. വിഷയത്തില്‍ മറുപടി തേടിയ ഹൈക്കോടതി കേസ് 23നു വീണ്ടും പരിഗണിക്കും.