/kalakaumudi/media/media_files/2025/09/28/vv-2025-09-28-13-18-55.jpg)
കരൂര്‍: 2026ല്‍ തമിഴ്നാട് ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് ജനങ്ങളിലേക്ക് ഇറങ്ങിയ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് കനത്ത നിയമക്കുരുക്കിലേക്ക്. കരൂര്‍ റാലിയോടനുബന്ധിച്ചുണ്ടായ ദുരന്തമാണ് താരത്തെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കിയത്.
കോടതി നിര്‍ദേശങ്ങള്‍ പോലും ലംഘിച്ച്, നിയന്ത്രണമില്ലാത്ത ജനക്കൂട്ടത്തിലേക്ക് 'പഞ്ച് ഡയലോഗുകളുമായി' എത്തിയ വിജയ്യുടെ താരപരിവേഷം കരൂരില്‍ തകര്‍ന്നു വീണു.
39 പേരുടെ മരണം, വിമര്‍ശനം ശക്തം
39 പേരുടെ മരണത്തിനും ഇരട്ടിയിലേറെ പേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായ സംഭവത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ ചെന്നൈക്ക് മടങ്ങിയ വിജയ്ക്കെതിരെ വിമര്‍ശനം ശക്തമാവുകയാണ്. ''തമിഴ്നാടിനെ നയിക്കാന്‍ ഇതാ വരുന്നു'' എന്ന പ്രഖ്യാപനത്തോടെയാണ് താരം ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിയത്. സിനിമ സെറ്റുകളെ വെല്ലുന്ന രീതിയിലായിരുന്നു വിജയ്യുടെ വേദിയൊരുക്കല്‍.
റാംപിലൂടെ ജനക്കൂട്ടത്തിന് നടുവിലേക്ക് നടന്നുവന്ന ബിഗ് സ്‌ക്രീന്‍ സൂപ്പര്‍താരത്തെ കാണാന്‍ രാഷ്ട്രീയം മറന്നും ആളുകള്‍ തടിച്ചുകൂടി. എന്നാല്‍, കൃത്യമായ സംഘാടനമില്ലായ്മ ആദ്യ റാലി മുതല്‍ തന്നെ വിജയ്യും സംഘവും പ്രകടമാക്കിയിരുന്നു.
മണിക്കൂറുകള്‍ നീണ്ട ഗതാഗത തടസ്സവും ആള്‍ക്കൂട്ട നിയന്ത്രണത്തിലെ പിഴവുകളും കാരണം ആദ്യ റാലി തന്നെ അലങ്കോലമായി. താരത്തെ കാണാന്‍ റാംപിലേക്ക് കുതിച്ചവരെ അംഗരക്ഷകര്‍ ബലം പ്രയോഗിച്ച് തടഞ്ഞതും വാര്‍ത്തയായിരുന്നു. ആദ്യ റാലി മുതലുള്ള പരാതികളും വിവാദങ്ങളും വിജയ് അവഗണിച്ചു. ആദ്യം ഡിസംബര്‍ 20-ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച പര്യടനം ജനുവരി വരെ നീളുമെന്ന് പിന്നീട് പ്രഖ്യാപിച്ചു. തിരുച്ചിറപ്പള്ളിയില്‍ നടന്ന യോഗത്തില്‍ ഒരാള്‍ മരിച്ചതോടെ അപകട സാധ്യതകള്‍ യാഥാര്‍ഥ്യമായി.
നിയന്ത്രണമില്ലാത്ത ആള്‍ക്കൂട്ടം കോടതിയെ പോലും ആശങ്കയിലാക്കി. ''സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന്'' കോടതി ശക്തമായി പ്രതികരിച്ചു. ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരെ സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി റാലിയില്‍ പങ്കെടുപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചാണ് നിയന്ത്രണങ്ങളില്ലാതെ വിജയ്യുടെ റാലികള്‍ തുടര്‍ന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
