ലക്ഷ്യം 2026ലെ തമിഴ്നാട് തിരഞ്ഞെടുപ്പ്: മധുരയില്‍ വിജയ്‌യുടെ ശക്തിപ്രകടനം

തമിഴ്നാട്ടില്‍ സൂര്യന്‍ അസ്തമിക്കുകയാണെന്നും ഇനി ചന്ദ്രോദയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 2026ല്‍ വലിയ രാഷ്ട്രീയ മാറ്റമാണ് സംസ്ഥാനത്ത് ഉണ്ടാകാന്‍ പോകുന്നത്

author-image
Biju
New Update
tvk

ചെന്നൈ: തമിഴകത്ത് ആവേശത്തിരയുണര്‍ത്തി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) രണ്ടാം സംസ്ഥാന സമ്മേളനം. പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ് വേദിയില്‍ എത്തിയതോടെ ആള്‍ക്കൂട്ടത്തിന്റെ ആവേശം വാനോളമായി. മധുരയിലെ പരപ്പതിയില്‍ മഹാസമ്മേളനം പുരോഗമിക്കുകയാണ്.

തമിഴക വെട്രി കഴകം ആര്‍ക്കും തടയാന്‍ കഴിയാത്ത ശബ്ദവും ശക്തിയുമാണെന്ന് ടിവികെ സ്ഥാപകനും നടനുമായ വിജയ് പറഞ്ഞു. തമിഴ്നാട്ടില്‍ സൂര്യന്‍ അസ്തമിക്കുകയാണെന്നും ഇനി ചന്ദ്രോദയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 2026ല്‍ വലിയ രാഷ്ട്രീയ മാറ്റമാണ് സംസ്ഥാനത്ത് ഉണ്ടാകാന്‍ പോകുന്നത്. ഡിഎംകെ രാഷ്ട്രീയമായും ബിജെപി പ്രത്യയശാസ്ത്രപരമായും ടിവികെയുടെ ശത്രുക്കളാണെന്നും വിജയ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വിജയ് ഉയര്‍ത്തിയത്. രാജ്യത്തെ ജനങ്ങള്‍ക്ക് നന്മ ചെയ്യാന്‍ വേണ്ടിയാണോ അതോ മുസ്ലിംകളെ ദ്രോഹിക്കാന്‍ വേണ്ടിയാണോ മോദി മൂന്നാമതും അധികാരത്തിലേറിയതെന്ന് വിജയ് ചോദിച്ചു.

എന്ത് പ്രച്ഛന്ന വേഷം കെട്ടിയാലും തമിഴ്നാട്ടില്‍ ബിജെപിക്ക് ഒന്നും ചെയ്യാനാവില്ല. ഇപ്പോള്‍ അദാനിക്ക് വേണ്ടിയുള്ള ഭരണമാണ് നടക്കുന്നത്. ഫാഷിസ്റ്റുകള്‍ക്കൊപ്പം സഖ്യം ചേരേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും വിജയ് വ്യക്തമാക്കി.

നേതാക്കളുടെ ഛായാചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം, വിജയ് പാര്‍ട്ടി പതാക ഉയര്‍ത്തി. വേദിയിലിരുന്ന തമിഴക വെട്രി കഴകത്തിന്റെ എല്ലാ പാര്‍ട്ടി നേതാക്കളും പാര്‍ട്ടി പ്രതിജ്ഞയെടുത്തു. ടിവികെയുടെ രണ്ടാം സംസ്ഥാനതല സമ്മേളനം നാടോടി സംഗീതജ്ഞരുടെ സാംസ്‌കാരിക പ്രകടനങ്ങളോടെയാണ് ആരംഭിച്ചത്. മധുര ജില്ലയിലെ പരപതിയില്‍ സജ്ജീകരിച്ച വേദിയില്‍ ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് പങ്കെടുക്കാവുന്ന ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പാര്‍ട്ടി നേതാവിനെ ഒരു നോക്ക് കാണാന്‍ ആകാംക്ഷയോടെ അണികളും ആരാധകരും തിങ്ങിനിറഞ്ഞിരുന്നു.

2024 ഫെബ്രുവരിയിലാണ് തമിഴഗ വെട്രി കഴകം എന്ന പാര്‍ട്ടിക്ക് തുടക്കം കുറിച്ചുകൊണ്ട് വിജയിന്റെ രാഷ്ട്രീയ പ്രവേശനം. എട്ട് മാസങ്ങള്‍ക്ക് ശേഷം, ഒക്ടോബര്‍ 27 ന് വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയില്‍ പാര്‍ട്ടിയുടെ ആദ്യ സംസ്ഥാനതല സമ്മേളനം നടന്നു.

2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് രണ്ടാം സംസ്ഥാന സമ്മേളനം നടക്കുന്നത്. ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെയും (ഡിഎംകെ) ബിജെപിയുടെയും തുറന്ന വിമര്‍ശകനായ വിജയ് തന്റെ അനുയായികള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.

actorvijay