ചെന്നൈ: വീട്ടുജോലിക്കാരനെ തല്ലിയെന്ന പരാതിയിൽ നടി പാർവതി നായർക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടമായെന്ന് കാട്ടി 2022ൽ പാർവതി നായർ ചെന്നൈ പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിൽ ജോലിക്കു നിന്ന സുഭാഷ് ചന്ദ്രബോസിനെ സംശയമുണ്ടെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
പിന്നാലെ, നടിയും സഹായികളും മർദിച്ചെന്ന് ആരോപിച്ച് സുഭാഷ് പൊലീസിൽ പരാതി നൽകി. പരാതിയിൽ നടപടിയില്ലാത്തതിനെ തുടർന്ന് കോടതിയിൽ ഹർജി നൽകി. കോടതി നിർദേശപ്രകാരമാണ് പാർവതിക്കും ഏഴുപേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. തന്റെ വീട്ടിൽനിന്ന് 9 ലക്ഷം രൂപയും ഐഫോണും ലാപ്ടോപ്പും കാണാതായെന്നും ജോലിക്കാരനായ സുഭാഷിനെ സംശയമുണ്ടെന്നുമായിരുന്നു നടിയുടെ പരാതി.
പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു . അന്വേഷണം നടക്കുന്നതിനിടെയാണ് സുഭാഷും പരാതി നൽകിയത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച നടി, നഷ്ടമായ പണം വീണ്ടെടുക്കാനാണ് പരാതി നൽകിയതെന്നു മാധ്യമങ്ങളോട് പറഞ്ഞു. മോഷണം നടന്നതിനുശേഷം സുഭാഷിനോട് വിവരം തിരക്കിയെങ്കിലും തൃപ്തികരമായ നടപടി ലഭിച്ചില്ലെന്നും നടി പറയുന്നു.