/kalakaumudi/media/media_files/2024/11/02/Q1qCKWjHVyN0xGvibFKe.jpg)
ന്യൂഡൽഹി: സംഘർഷം രൂക്ഷമാകുന്ന മണിപ്പുർ പ്രദേശങ്ങളിലേക്ക് കൂടുതൽ അർധസൈനിക വിഭാഗങ്ങളെ അയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അർധസൈനിക വിഭാഗങ്ങളിൽ നിന്നുള്ള 2500 പേരെയാണ് മണിപ്പുരിലേക്ക് അയച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 13 പേർ കൊല്ലപെട്ട ജിരിബാം ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് ഇവരെ വ്യന്യസിക്കുക.
അതേസമയം, കേന്ദ്രസേനാ അംഗങ്ങളുമായി സഹകരിക്കില്ലെന്ന് കുക്കി വിദ്യാർഥിസംഘടന അറിയിച്ചു. അസമിൽ നിന്ന് സി.ആർ.പി.എഫിന്റെ പതിനഞ്ച് കമ്പനിയും, ത്രിപുരയിൽ നിന്ന് ബി.എസ്.എഫിന്റെ അഞ്ച് കമ്പനിയുമാണ് മണിപ്പുരിലേക്ക് അയച്ചത്. ബുധനാഴ്ച രാത്രിയോടെ ഇതിൽ 1200 സേന അംഗങ്ങൾ മണിപ്പുരിലെത്തി. തുടർന്ന്, ഇവരെ വിവിധ സംഘർഷ ബാധിത മേഖലകളിൽ വ്യന്യസിച്ചു. നവംബർ അവസാനത്തോടെ സംഘർഷ ബാധിത മേഖലകളിൽ സ്ഥിതി ശാന്തമാകുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതീക്ഷ.
ഇതോടെ, മണിപ്പുരിൽ വ്യന്യസിച്ചിരിക്കുന്ന കേന്ദ്രസേനാ അംഗങ്ങളുടെ എണ്ണം 29,000 ആയി ഉയർന്നു. നിലവിൽ, വിവിധ സേനാ വിഭാ​ഗങ്ങളിലായി 218 കമ്പനികൾ മണിപ്പുരിലുണ്ട്(CRPF-115, BSF-84, ITBP-5, SSB-6). കൂടാതെ, സൈന്യത്തേയും, അസം റൈഫിൾസിനെയും വ്യന്യസിച്ചിട്ടുണ്ട്.
കേന്ദ്രസേനാ അംഗങ്ങൾ ഗ്രാമ വോളന്റിയർമാരെ കൊല്ലുകയും അവരെ ഭീകരരായി മുദ്ര കുത്തുകയും ചെയ്യുന്നുവെന്നാണ് കുക്കി വിദ്യാർഥിസംഘടനകളുടെ ആരോപണം. ഇതിൽ ഖേദം പ്രകടിപ്പിക്കുന്നത് വരെ കേന്ദ്ര സേന അംഗങ്ങൾ തങ്ങളുടെ ക്യാമ്പുകളിൽ തന്നെ തുടരണം എന്നാണ് ഇവരുടെ ആവശ്യം. ജൂൺ മുതൽ സംഘർഷം നിലനിൽക്കുന്ന ജിരിബാമിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്. നവംബർ ഏഴിന് ശേഷം 13 പേരാണ് പ്രദേശത്ത് കൊല്ലപ്പെട്ടത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
