/kalakaumudi/media/media_files/qJmxpgj4FXktEKTzb6FA.jpeg)
Aditi Yadav
വാരാണസി: മെയിൻപുരി ലോകസഭ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന അഖിലേഷ് യാദവിന്റെ ഭാര്യ ഡിമ്പിൾ യാദവിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് മകൾ അദിതി യാദവ്. ഇതാദ്യമായി അദിതി യാദവ് തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തെത്തിയത് മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി. മെയിൻപുരിമൈതാനിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ അമ്മയ്ക്കൊപ്പമെത്തിയ മകൾ അദിതി മൈക്കിലൂടെ ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചു.
"ഞാൻ ഇവിടെ വന്നത് നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം വാങ്ങാനാണ്. ഏറെ സ്നേഹത്തോടെയും വാത്സല്യത്തോടെയും നിങ്ങൾ എന്നെ സ്വീകരിച്ചു. അതിന് നിങ്ങളോട് എനിക്ക് വളരെ നന്ദിയുണ്ട്. നിങ്ങളെല്ലാവരും മെയ് 7 ന് ബൂത്തുകളിൽ പോയി സൈക്കിൾ ബട്ടൺ അമർത്തി എസ്പിക്ക് വോട്ട് ചെയ്യണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. നമ്മുടെ ഭരണഘടന സംരക്ഷിക്കാൻ വേണ്ടിയാണിത്. ജയ് ഹിന്ദ്, ജയ് സമാജ് വാദി. അദിതി യാദവ് പറഞ്ഞു.
ഇതാദ്യമായി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയ അതിദിക്ക് എല്ലാ സ്ഥലത്തും വൻ സ്വീകരണമാണ് ലഭിച്ചത്. മെയിൻപുരിയിൽ ലഭിച്ച സ്വീകരണത്തിനിടയിൽ അനുയായികൾ വെള്ളിക്കിരീടമണിയിച്ചു.
എസ്പിയുടെ കോട്ട
സമാജ് വാദി പാർട്ടിയുടെ കോട്ടയായ മെയിൻ പുരി 1996 മുതൽ അവരുടെ കുത്തകയായ സീറ്റാണ്. അഞ്ച് തവണ ഇവിടെ നിന്ന് മുലയം സിംഗ് യാദവ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2022 ൽ മുലയം സിംഗ് യാദവിൻ്റെ മരണത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഡിമ്പിൾ യാദവ് ഇവിടെ നിന്ന് റെക്കാർഡ് ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ബിജെപിയുടെ ജയ് വീർ സിംഗ് ആണ് ഡിമ്പിളിനെ നേരിടുന്നത്. ബിഎസ്പിയുടെ ശിവ പ്രസാദും മത്സരരംഗത്തുണ്ട്.