/kalakaumudi/media/media_files/AOlIKMhrkdzAyc56GhhA.jpg)
aravind kejriwal
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും കുരുക്ക് മുറുകുന്നു. ഖാലിസ്ഥാന്‍ ഭീകരവാദികളില്‍ നിന്നും ധനസഹായം കൈപ്പറ്റി എന്ന ആരോപണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്വാളിനെതിരെ ഭീകരവിരുദ്ധ അന്വേഷണം വേണമെന്ന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന ശിപാര്‍ശ ചെയ്തതിന് പിന്നാലെ അന്വേഷണത്തിന് തയാറെടുക്കുകയാണ് എന്‍ഐഎ. ഖാലിസ്ഥാന്‍ തീവ്രവാദി ഗുര്‍പത്വന്ത് പന്നൂന്‍ സ്ഥാപിച്ച നിരോധിത സംഘടനയായ സിക്ക് ഫോര്‍ ജസ്റ്റിസ് ഗ്രൂപ്പില്‍ നിന്നും അരവിന്ദ് കെജ്രിവാളിന് ധനസഹായം ലഭിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അന്വേഷണം ആവശ്യപ്പെട്ടത്
ആം ആദ്മി പാര്‍ട്ടിയുടെ പേരില്‍ അരവിന്ദ് കെജ്രിവാള്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പില്‍ നിന്ന് 16 മില്യണ്‍ ഡോളര്‍ കൈപ്പറ്റിയെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ജയിലില്‍ കഴിയുന്ന ഖാലിസ്ഥാന്‍ ഭീകരന്‍ ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളറിനെ മോചിപ്പിക്കാനും ഇന്ത്യയില്‍ ഖാലിസ്ഥാന്‍ അനുകൂല വികാരം പ്രചരിപ്പിക്കാനും വേണ്ടിയായിരുന്നു സിഖ് ഫോര്‍ ജസ്റ്റിസ് അരവിന്ദ് കെജ്രിവാളിനെ ഉപയോഗപ്പെടുത്തിയത് എന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. 1993 ഡല്‍ഹി ബോംബ് സ്ഫോടന കേസിലെ പ്രതിയാണ് ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളര്‍.
ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസിന്റെ ഹെഡ്ക്വാര്‍ട്ടേസിന്റെ മുന്നില്‍ നടത്തിയ സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 1995 മുതല്‍ തിഹാര്‍ ജയിലില്‍ തടവിലാണ് ദവീന്ദര്‍. ടെററിസ്റ്റ് ആന്‍ഡ് ഡിസ് റപ്ടീവ് ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് പ്രകാരം കോടതി 2001 ആഗസ്റ്റില്‍ ഭുല്ലാറിന് വധശിക്ഷ വിധിച്ചെങ്കിലും 2014ല്‍ അത് ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
2014ല്‍ ന്യൂയോര്‍ക്കിലെ ഗുരുദ്വാര റിച്ച്മണ്ട് ഹില്‍സില്‍ വച്ച് അരവിന്ദ് കെജ്രിവാളും ഖാലിസ്ഥാന്‍ അനുകൂല ഭീകരവാദികളും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തി എന്നാണ് പറയപ്പെടുന്നത്. രാഷ്ട്രീയ ധനസഹായം നല്‍കിയാല്‍ പകരമായി ദേവീന്ദര്‍ പാല്‍ സിംഗിനെ മോചിപ്പിക്കാമെന്ന് കെജ്രിവാള്‍ ഭീകരര്‍ക്ക് വാഗ്ദാനം നല്‍കിയതായി ആരോപിക്കപ്പെടുന്നു. ആം ആദ്മി പാര്‍ട്ടിയുടെ മുന്‍പ്രവര്‍ത്തകനായിരുന്ന മുനീഷ് കുമാര്‍ റൈസാദ അരവിന്ദ് കെജ്രിവാള്‍ ന്യൂയോര്‍ക്കില്‍ വച്ച് ഖാലിസ്ഥാന്‍ ഭീകരരുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ അടക്കം പങ്കുവച്ചാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളറിന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ നേരത്തെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്ത് നല്‍കിയത് വിവാദമായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കണോയെന്ന് സുപ്രീം കോടതി തീരുമാനിക്കുന്നതിന് മുന്നോടിയായാണ് ഗവര്‍ണറുടെ ശിപാര്‍ശയെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ ബിജെപിയുടെ നിര്‍ദേശപ്രക്രാരമുള്ള മറ്റൊരു ഗൂഡാലോചനയാണിതെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിക്കുന്നത്. ഡല്‍ഹിയിലെ ഏഴ് സീറ്റിലും ബിജെപി തോല്‍ക്കുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയത്തില്‍ വലയുകയാണെന്ന് ബിജെപിയെന്നും ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറയുകയുണ്ടായി.
ഗുര്‍പത്വന്ത് സിംഗ് പന്നുന്റെ നേതൃത്വത്തിലുള്ള സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിനെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് യുഎപിഎ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണ്. അമേരിക്കന്‍ പൗരത്വമുള്ള ഗുര്‍പത്വന്ത് സിംഗ് കാനഡയിലും യുകെയിലുമെല്ലാം ഇന്ത്യക്കെതിരായ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമം നടത്തുന്നയാളാണെന്ന ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇയാളെ ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യാനുള്ള നടപടികള്‍ ഇന്ത്യ സ്വീകരിച്ച് വരുന്നതിനിടെയാണ് പുതിയ നീക്കം ഉണ്ടായിരിക്കുന്നത്.