/kalakaumudi/media/media_files/2025/11/13/vnitha-2025-11-13-08-26-30.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തിനു ആഴ്ചകള്‍ക്ക് മുമ്പ്, പുല്‍വാമ ഭീകരാക്രമണ കേസില്‍ ഗൂഢാലോചന നടത്തിയ ഭീകരന്റെ ഭാര്യ ജയ്‌ഷെ മുഹമദിന്റെ വനിതാ വിഭാഗത്തില്‍ ചേര്‍ന്നു. ഭീകരന്‍ ഉമര്‍ ഫറൂഖിന്റെ ഭാര്യ അഫീറ ബീബിയാണ് ജമാത്തുള്‍ മൊമിനാത്തില്‍ ചേര്‍ന്നത്. 2019ലെ പുല്‍വാമ ആക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരനാണ് ഭീകരന്‍ ഉമര്‍ ഫാറൂഖ്. അഫീറ ബീബി ഇപ്പോള്‍ ജമാത്തുള്‍ മൊമിനാത്തിന്റെ പ്രധാന മുഖമാണ്.
വനിതാ ബ്രിഗേഡിന്റെ ഷൂറ (ഉപദേശക സമിതിയില്‍) അംഗം കൂടിയാണ് അഫീറ ബീബി. മസൂദ് അസ്ഹറിന്റെ ഇളയ സഹോദരി സാദിയ അസ്ഹറും സംഘടനയുടെ തലപ്പത്തുണ്ട്. കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരനാണ് സാദിയയുടെ ഭര്‍ത്താവ് ഭീകരന്‍ യൂസഫ് അസ്ഹര്‍. ഇയാള്‍ ഓപ്പറേഷന്‍ സിന്ദൂറിനിടെ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള അസ്ഹറിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് സാദിയയാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നത് അഫീറ ബീബിയും.
അഫീറ ബീബിയുടെ ഭര്‍ത്താവ് ഉമര്‍ ഫാറൂഖ് ജയ്ഷെ മുഹമ്മദിലെ കമാന്‍ഡറായിരുന്നു. 2019 ഫെബ്രുവരി 14ന് സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി 40 സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തിനു ഗൂഢാലോചന നടത്തിയത് ഉമര്‍ ഫാറൂഖാണ്. 2019 ല്‍ ജമ്മു കശ്മീരിലെ ഡാച്ചിഗാം നാഷനല്‍ പാര്‍ക്കില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഉമര്‍ ഫാറൂഖ് കൊല്ലപ്പെട്ടത്.
ഒക്ടോബര്‍ 8 നാണ് മസൂദ് അസര്‍ ജയ്‌ഷെയുടെ വനിതാ ബ്രിഗേഡ് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 19 ന്, വനിതാ അംഗങ്ങളെ ഗ്രൂപ്പിലേക്ക് കൊണ്ടുവരുന്നതിനായി പാക്ക് അധിനിവേശ കാശ്മീരിലെ റാവല്‍കോട്ടില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഐഎസ്, ഹമാസ്, എല്‍ടിടിഇ എന്നിവയുടെ മാതൃകയില്‍ സ്ത്രീകളെ ഉപയോഗിച്ച് തങ്ങളുടെ ശൃംഖല ശക്തിപ്പെടുത്താനും ചാവേര്‍ ആക്രമണങ്ങള്‍ക്ക് അവരെ സജ്ജമാക്കാനുമാണ് വനിതാ ബ്രിഗേഡിലൂടെ ജയ്‌ഷെ ശ്രമിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
