/kalakaumudi/media/media_files/2025/03/07/ZcPnkx8mM0rfofmxsvpu.jpg)
ന്യൂഡല്‍ഹി: കേരളം അടക്കം പത്ത് സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളില്‍ ഇഡി പരിശോധന നടത്തിയതോടെ എസ്ഡിപിഐയെ നിരോധിക്കാനുള്ള സാധ്യത കൂടിയെന്ന് റിപ്പോര്‍ട്ട്. ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ എസ്ഡിപിഐക്കെതിരെ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് കേന്ദ്ര അന്വേഷണ ഏജന്‍സി.
രണ്ടു ദിവസം ഇഡി കസ്റ്റഡിയില്‍ ഫൈസിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് 12 ഇടങ്ങളില്‍ പരിശോധന നടന്നത്. ഈ വിഷയം എന്‍ഐഎയും അന്വേഷിക്കും. കേരള പൊലീസിനെ അറിയിക്കാതെ ടാക്സി കാറിലടക്കം എത്തിയാണ് ചെന്നൈ, കൊച്ചി ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. കേന്ദ്ര സേന പരിശോധനയ്ക്ക് സുരക്ഷ ഒരുക്കി.
കേരളത്തില്‍ തിരുവനന്തപുരത്തെ സംസ്ഥാന കമ്മറ്റി ഓഫീസിലും മലപ്പുറത്തെ ഓഫീസിലും പരിശോധന നടന്നിരുന്നു. എസ്ഡിപിഐക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പണം നല്‍കിയിരുന്നത് പോപ്പുലര്‍ ഫ്രണ്ടായിരുന്നു എന്നും ഇരു സംഘടനകളുടെയും അണികളും നേതാക്കളും ഒന്നുതന്നെയാണെന്നും ഇഡി വിലയിരുത്തുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ്ഡിപിഐയുടെ ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ നിര്‍ണ്ണായക തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ലഖ്‌നൗ, ജയ്പൂര്‍, താനെ, ഹൈദ്രാബാദ്, റാഞ്ചി എന്നിവിടങ്ങളിലെ ഓഫീസുകളിലും റെയ്ഡ് നടന്നു. പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ മലപ്പുറം,തിരുവനന്തപുരം എന്നിവിടങ്ങളില്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. അപ്പുറത്തേക്ക് പ്രതിരോധമൊന്നും ഉയര്‍ന്നില്ല.
ഫൈസിയുടെ അറസ്റ്റിന് പിന്നാലെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഎഫ്ഐയും എസ്ഡിപിഐയും ഒന്നാണെന്നാണ് ഇഡി വ്യക്തമാക്കിയിരുന്നു. ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കാന്‍ പിഎഫ്ഐ ശ്രമിച്ചതിന്റെ ഭാഗമായി ആണ് എസ്ഡിപിഐ രൂപീകരിച്ചതെന്നും അന്വേഷണ ഏജന്‍സി ആരോപിക്കുന്നു. എസ്ഡിപിഐയുടെ നയരൂപീകരണം, തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം, പ്രവര്‍ത്തന ഫണ്ട് എന്നിവയടക്കം എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് പിഎഫ്ഐ ആണെന്ന് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇഡി വ്യക്തമാക്കുന്നു.
എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചത് പിഎഫ്ഐ ആണ്. ഗള്‍ഫില്‍ നിന്നടക്കം നിയമ വിരുദ്ധമായി പണം എത്തി. രാജ്യത്ത് ആക്രമണവും ഭീകര പ്രവര്‍ത്തനവും നടത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പണം സ്വീകരിച്ചു. റമസാന്‍ കളക്ഷന്റെ എന്ന പേരിലും എസ്ഡിപിഐ പണം സ്വരൂപിച്ചു. എം കെ ഫൈസിയുടെ അറിവോടെയാണ് ഇടപാടുകള്‍ നടന്നതെന്നാണ് ഇഡി ആരോപണം. ഇതിന് വേണ്ട തെളിവുകള്‍ കണ്ടെത്താനായിരുന്നു ഇഡി റെയ്ഡുകള്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍പ്പോലും എസ്.ഡി.പി.ഐ.യെ പി.എഫ്.ഐ. സ്വാധീനിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഇപ്പോള്‍ റെയ്ഡ്.