/kalakaumudi/media/media_files/2025/07/14/flight-crash-court-2025-07-14-11-54-02.jpg)
ന്യൂഡല്‍ഹി : അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൈലറ്റുമാരുടെ സംഘടന കോടതിയിലേക്ക്. അന്വേഷണ സംഘത്തില്‍ വിദഗ്ധ പൈലറ്റുമാരെയും ഉള്‍പ്പെടുത്തണമെന്നാണ് പൈലറ്റുമാരുടെ സംഘടനയുടെ ആവശ്യം.അതേസമയം, ഡിജിസിഎ ഉദ്യോഗസ്ഥരുമായി എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.
അഹമ്മദാബാദ് വിമാന ദുരന്തത്തിലെ പൈലറ്റുമാര്‍ക്കുനേരെ വിരല്‍ ചൂണ്ടുന്ന പ്രാഥമിക റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ഉയരുകയാണ്. പൈലറ്റുമാരെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ വെറുതെയാണെന്നും ഫ്യുവല്‍ സ്വിച്ച് ഓഫായതിന് പിന്നില്‍ യന്ത്രതകരാര്‍ സംഭവിച്ചോയെന്നത് വിശദമായ അന്വേഷണത്തില്‍ പരിശോധിക്കണമെന്നും എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മുന്‍ തലവന്‍ ആവശ്യപ്പെട്ടു. എഞ്ചിനിലേക്കുള്ള ഇന്ധന പ്രവാഹത്തെ നിയന്ത്രിക്കുന്ന രണ്ട് സ്വിച്ചുകളും കട്ട് ഓഫ് പൊസിഷനിലായതിന് പിന്നില്‍ പൈലറ്റുമാരാണെന്ന വാദമാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. കോക് പിറ്റ് റെക്കോര്‍ഡറിലെ പൈലറ്റുമാരുടെ സംഭാഷണം മുഴുവന്‍ പുറത്ത് വിടാതെ സംശയം ജനിപ്പിക്കുന്ന ഒരു ഭാഗം മാത്രമാണ് റിപ്പോര്‍ട്ടില്‍ പങ്ക് വച്ചിരിക്കുന്നത്. പൈലറ്റുമാരിലേക്ക് മാത്രം ചര്‍ച്ച കേന്ദ്രീകരിക്കുന്നതില്‍ കടുത്ത അതൃപ്തി ശക്തമാവുകയാണ്. പ്രാഥമിക റിപ്പോര്‍ട്ടിനെ പ്രതിപക്ഷവും സംശയത്തോടെയാണ് കാണുന്നത്. ഏറ്റവുമൊടുവില്‍ ചേര്‍ന്ന പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തില്‍ അന്വേഷണ സമിതിയുടെ ഘടനയിലടക്കം അതൃപ്തി അറിയിച്ച് വ്യോമയാന മന്ത്രാലയത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. അഹമ്മദാബാദ് ദുരന്തവും അതിന് പിന്നാലെ നടന്ന സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ സുരക്ഷ കാര്യങ്ങളില്‍ എയര്‍ ഇന്ത്യ, ബോയിംഗ് കമ്പനികളെയും എപിഎസി കുറ്റപ്പെടുത്തുകയും റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.വിമാനകമ്പനികളുടെ സുരക്ഷ പാളിച്ചയിലേക്ക് അന്വേഷണം നീണ്ടാല്‍ വ്യോമയാന മന്ത്രാലയത്തിനും ക്ഷീണമുണ്ടാക്കും. അത് പ്രതിരോധിക്കാനുള്ള നീക്കമാണെന്ന ആക്ഷേപവും ശക്തമാകയാണ്.