/kalakaumudi/media/media_files/2025/07/19/tata-trust-2025-07-19-14-08-35.jpg)
ഡല്‍ഹി : അഹമ്മദാബാദ് എയര്‍ ഇന്ത്യ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ക്ഷേമത്തിനായി ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റുകളും ചേര്‍ന്ന് 500 കോടി രൂപയുടെ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും അപകടം നേരിട്ടോ അല്ലാതെയോ ബാധിച്ചവര്‍ക്കും വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്. മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഐ 171 മെമ്മോറിയല്‍ ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റിലേക്ക് ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റുകളും 250 കോടി രൂപ വീതം സംഭാവന ചെയ്യുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.
500 കോടി സംഭാവനയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു കോടി രൂപയുടെ സഹായമായും ഗുരുതരമായി പരിക്കേറ്റവരുടെ ചികിത്സക്കും സഹായം നല്‍കിയിരുന്നു. വിമാനം തകര്‍ന്നതിനെത്തുടര്‍ന്ന് തകര്‍ന്ന ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും പുനര്‍നിര്‍മ്മിക്കാനും ട്രസ്റ്റ് സഹായം നല്‍കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ട്രസ്റ്റിന് ധനസഹായം നല്‍കുകയും പൂര്‍ണ്ണ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുമെന്നും ടാറ്റയുടെ പ്രസ്താവനയില്‍ പറഞ്ഞു.
പ്രഥമശുശ്രൂഷകര്‍, മെഡിക്കല്‍, ദുരന്ത നിവാരണ വിദഗ്ധര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കും ട്രസ്റ്റ് സഹായം നല്‍കുമെന്ന് ടാറ്റ സണ്‍സ് അറിയിച്ചു. ടാറ്റയിലെ മുന്‍ ഉദ്യോഗസ്ഥനായ എസ്. പത്മനാഭനെയും ടാറ്റ സണ്‍സിന്റെ ജനറല്‍ കൗണ്‍സിലായ സിദ്ധാര്‍ത്ഥ് ശര്‍മ്മയെയും ട്രസ്റ്റി ബോര്‍ഡിലേക്ക് നിയമിച്ചു. അഞ്ച് അംഗ ബോര്‍ഡിലേക്ക് മൂന്ന് ഉദ്യോഗസ്ഥരെ കൂടി നിയമിക്കും.
ജൂണ്‍ 12 ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം എഐ 171, ബോയിംഗ് 787-8 ഡ്രീംലൈനര്‍, പറന്നുയര്‍ന്ന ഉടന്‍ ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ചുകയറി. വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴിച്ച് 241 പേരും പരിസരവാസികളായ 19 പേരും മരിച്ചു.