/kalakaumudi/media/media_files/2025/09/14/nithin-2025-09-14-15-49-06.jpg)
ന്യൂഡല്‍ഹി: ദേശീയപാതകളില്‍ 2026 അവസാനത്തോടെ എഐ അടിസ്ഥാനമാക്കിയുള്ള ടോള്‍ ശേഖരണം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. മള്‍ട്ടി ലെയ്ന്‍ ഫ്രീ ഫ്‌ലോ (എംഎല്‍എഫ്എഫ്) ടോള്‍ സിസ്റ്റവും എഐ അടിസ്ഥാനമാക്കിയുള്ള ഹൈവേ നിയന്ത്രണ സംവിധാനവുമാണ് ഇതിനായി ഏര്‍പ്പെടുത്തുകയെന്നും മന്ത്രി രാജ്യസഭയില്‍ അറിയിച്ചു. ടോള്‍ പ്ലാസകളില്‍ കാത്തുകിടക്കുന്ന സ്ഥിതി പൂര്‍ണമായും അവസാനിക്കും. രാജ്യത്ത് പത്തിടത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച സംവിധാനമാണ് എല്ലാ ദേശീയപാതകളിലേക്കും വ്യാപിപ്പിക്കുന്നത്.
മുന്‍കാലങ്ങളില്‍ ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാനായി വാഹനം 3 മുതല്‍ 10 മിനിറ്റ് വരെ നിര്‍ത്തിയിടേണ്ടി വന്നിരുന്നു. ഫാസ്ടാഗ് ഏര്‍പ്പെടുത്തിയതോടെ ഇത് ഒരു മിനിറ്റില്‍ താഴെയായി കുറയ്ക്കാന്‍ സാധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വരുമാനം 5000 കോടി രൂപയോളം വര്‍ധിച്ചുവെന്നും മന്ത്രി പറഞ്ഞു. എംഎല്‍എഫ്എഫ് വരുന്നതോടെ 80 കിലോമീറ്റര്‍ വേഗത്തില്‍ കാറുകള്‍ക്ക് ടോള്‍ ഗേറ്റുകള്‍ കടന്നുപോകാന്‍ സാധിക്കും.
ജിപിഎസ്, ഓട്ടമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ (എഎന്‍പിആര്‍) ക്യാമറകള്‍ എന്നിവ സ്ഥാപിച്ച് എഐ സഹായത്തോടെയാണ് ടോള്‍ നിര്‍ണയിക്കുന്നത്. നാഷനല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ (എന്‍പിസിഐ) തയാറാക്കിയ നാഷനല്‍ ഇലക്ട്രോണിക് ടോള്‍ കലക്ഷന്‍ (എന്‍ഇടിസി) സംവിധാനം വഴി ഫാസ്ടാഗില്‍ നിന്ന് തുക ഈടാക്കും.
ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്തുന്നത് പ്രതിവര്‍ഷം 1500 കോടി രൂപയുടെ ഇന്ധന നഷ്ടമുണ്ടാക്കിയിരുന്നു. ഇത് ഒഴിവാക്കാന്‍ കഴിയുമെന്നും ടോള്‍ ശേഖരണം കാര്യക്ഷമമാക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന് 6000 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
