ഡല്‍ഹി: അതിഗുരുതരമായ മലിനീകരണത്തിന്റെ പിടിയിലാണ് ഡല്‍ഹി. വായു മലിനീകരണം മാത്രമല്ല, ജല മലിനീകരണവും ഡല്‍ഹിയെ ഞെരുക്കുന്നു. യമുന നദി കാളിന്ദി കുഞ്ചിലൂടെ ഒഴുകുന്ന ദൃശ്യമാണിത്. പതഞ്ഞൊഴുകുകയാണ് യമുന. വിഷപ്പത ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
മുന്നറിയിപ്പ് നല്‍കിയിട്ടും യമുന നദിയില്‍ കുളിക്കുന്നവരുടെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നുയ ചാട്ട് പൂജ ആഘോഷങ്ങള്‍ക്കിടെ ഭക്തര്‍ യമുനയില്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു അത്. ഒരു സ്ത്രീ മുടി കഴുകാന്‍ ഷാപൂ പോലെ പത ഉപയോഗിക്കുന്നതും ദൃശ്യത്തില്‍ കാണാം. പതനിറഞ്ഞൊഴുകുന്ന പുഴയിലേക്ക് ഇറങ്ങി മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ആളുകള്‍ കുളിക്കുന്നത്.
ഈ മലിന ജലത്തില്‍ കുളിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വ്യവസായങ്ങളിലും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ശുദ്ധീകരിക്കാതെ ഒഴുക്കിവിടുന്ന വെള്ളമാണ് യമുനയെ മലിനമാക്കുന്നതും പതഞ്ഞൊഴുകുന്നതിനും കാരണം.
മഴ കുറഞ്ഞതും ഇത്തരത്തില്‍ പത രൂപപ്പെടാന്‍ കാരണമായി എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മഴ പെയ്ത് യമുനയില്‍ വെള്ളം നിറയുന്നതോടെ ഈ മാലിന്യങ്ങള്‍ ഒഴുകി പോകുകയാണ് ചെയ്യുന്നത്. ശ്വാസകോശ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍, ജലജന്യ രോഗങ്ങള്‍ എന്നിവയ്ക്ക് ഈ മലിനജലം കാരണമാകും എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ഡല്‍ഹിയില്‍ വായുമലിനീകരണവും അതിഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം വായുനിലവാരം അതീവ ഗുരുതരം എന്ന അവസ്ഥയില്‍ നിന്ന് വളരെ മോശം അവസ്ഥയിലേക്ക് എത്തിയിരുന്നു. ശരാശരി 370 എക്യുഐ ആണ് നിലവില്‍ വായുമലിനീകരണ തോത്. വായുനിലവാര സൂചിക 50 വരെയാണ് ഏറ്റവും മികച്ച അന്തരീക്ഷം. 100 മുകളിലേക്ക് മോശം അവസ്ഥയാണ്.
ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം കഴിഞ്ഞ ഏതാനും ആഴ്ചകളായി മോശമായി തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെ എക്യൂഐ 494 എന്ന നിലയിലായിരുന്നു. രാജ്യതലസ്ഥാനത്തെ മിക്ക സ്റ്റേഷനുകളിലും എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 500-ലധികം രേഖപ്പെടുത്തി.
അടുത്ത കാലത്തെ ഏറ്റവും രൂക്ഷമായ വായുമലിനീകരണം നേരിടുകയാണ് ഡല്‍ഹി. നഗരം മൂടല്‍മഞ്ഞിലും വിഷപ്പുകയിലും മുങ്ങിയതോടെ ദൂരക്കാഴ്ച പൂജ്യമായി.
മലിനീകരണം നിയന്ത്രിക്കാന്‍ കൃത്രിമ മഴ മാത്രമേ പരിഹാരമുളളുവെന്ന് ഡല്‍ഹി മന്ത്രി ഗോപാല്‍ റായ് പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും കൃതിമ മഴയ്ക്ക് അനുമതി നല്‍കിയിട്ടില്ല.
ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷമായിട്ടും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വൈകിയതിന് സര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.