air india air hostess attacked inside her hotel in london
ലണ്ടൻ: എയർ ഇന്ത്യയുടെ വനിത ക്യാബിൻ ക്രൂ അംഗത്തിന് നേരെ അതിക്രമം.ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിനടുത്തുള്ള സ്റ്റാർ ഹോട്ടലിൽ വച്ചാണ് ആക്രമണമുണ്ടായത്. മുറിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി യുവതിയെ ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വസ്ത്രങ്ങൾ തൂക്കിയിടാൻ ഉപയോഗിക്കുന്ന ഹാങ്ങർ ഉപയോഗിച്ച് യുവതിയെ ഉപദ്രവിച്ച ഇയാൾ യുവതി വാതിൽ വഴി രക്ഷപ്പെടാൻ നോക്കിയപ്പോൾ നിലത്തുകൂടി വലിച്ചിഴച്ചതായാണ് റിപ്പോർട്ട്.യുവതിയുടെ നിലവിളി കേട്ട് അടുത്ത റൂമുകളിലുണ്ടായിരുന്ന സഹപ്രവർത്തകർ ഉടൻ തന്നെ ഓടിയെത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ ഹോട്ടൽ ജീവനക്കാരും മറ്റ് എയർ ഇന്ത്യ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടുകയായിരുന്നു. പൊലീസിനെ വിളിക്കുകയും യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ക്രൂ അംഗത്തിലെ യുവതിയുടെ സുഹൃത്തിനെയും സഹായത്തിനായി കൂടെ നിർത്തി.
തുടർന്ന് പൊലീസ് പ്രതിയെ പിടികൂടി. പ്രമുഖ ഹോട്ടലിൽ വെച്ച് നിയമവിരുദ്ധമായി കടന്നുകയറി ക്രൂ അംഗത്തെ ആക്രമിച്ച സംഭവത്തിൽ അതീവ ദുഃഖമുണ്ടെന്നും പ്രഫഷണൽ കൗൺസിലിങ് ഉൾപ്പെടെ യുവതിക്കും സഹപ്രവർത്തകർക്കും ടീമിനും എല്ലാ പിന്തുണയും നൽകുമെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു. നീതി ലഭിക്കുന്നതിനായി പ്രാദേശിക പൊലീസുമായി ബന്ധപ്പെട്ടു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി ഹോട്ടൽ മാനേജ്മെൻറുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് എയർ ഇന്ത്യ വക്താവ് കൂട്ടിച്ചേർത്തു. ജീവനക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് എയർ ഇന്ത്യ മുൻഗണന നൽകുന്നതെന്നും യുവതിയുടെ സ്വകാര്യതയെ മാനിക്കണമെന്നും എയർ ഇന്ത്യ അഭ്യർത്ഥിച്ചു.