/kalakaumudi/media/media_files/2025/12/06/indigo-2025-12-06-14-34-07.jpg)
ന്യൂഡല്‍ഹി: ഇന്‍ഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിമാനയാത്രാനിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികള്‍ക്ക് മൂക്കുകയറിടാന്‍ കേന്ദ്രം. പ്രതിസന്ധി ബാധിക്കപ്പെട്ട റൂട്ടുകളിലെ യാത്രാക്കൂലിക്ക് കേന്ദ്രം പരിധി നിശ്ചയിച്ച് ഉത്തരവിട്ടു. ഇതിനു മുകളിലുള്ള നിരക്ക് ഈടാക്കാന്‍ പാടില്ല. കോവിഡ് കാലത്താണ് സമാനമായ നിയന്ത്രണം കേന്ദ്രം ഏര്‍പ്പെടുത്തിയത്. വിമാനക്കമ്പനികള്‍ അസാധാരണമാംവിധം ഉയര്‍ന്ന വിമാനക്കൂലി ഈടാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഗൗരവമായെടുത്തിട്ടുണ്ടെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു.
അവസരം മുതലെടുത്ത് യാത്രാക്കൂലി കൂട്ടുന്നതില്‍നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി എല്ലാ ബാധിത റൂട്ടുകളിലും മന്ത്രാലയം അതിന്റെ നിയന്ത്രണ അധികാരങ്ങള്‍ ഉപയോഗപ്പെടുത്തിയതായി അറിയിച്ചു. സ്ഥിതിഗതികള്‍ സാധാരണഗതിയില്‍ എത്തുംവരെ ഈ നിയന്ത്രണം വിമാനനിരക്കുകള്‍ നിരീക്ഷിക്കുന്ന തുടരുമെന്നും മന്ത്രാലയം അറിയിച്ചു. ഇന്‍ഡിഗോ സര്‍വീസുകള്‍ താറുമാറായതിനു പിന്നാലെ മറ്റു വിമാനക്കമ്പനികളിലെ യാത്രാക്കൂലി കുത്തനെ കൂട്ടിയിരുന്നു. ഇന്‍ഡിഗോ സര്‍വീസ് റദ്ദായവര്‍ക്ക് ഇത് വന്‍തിരിച്ചടിയായി.
ഇന്ന് ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള നോണ്‍സ്റ്റോപ്പ് എയര്‍ ഇന്ത്യ ടിക്കറ്റിന് 55,955 മുതല്‍ 64,557 രൂപ വരെയാണ് നിരക്ക്. കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 38,000 രൂപ കടന്നു. യാത്രാക്കൂലി കൂട്ടരുതെന്നു കഴിഞ്ഞ ദിവസം വ്യോമയാനമന്ത്രി തന്നെ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇത് മുഖവിലയ്ക്കെടുത്തില്ലെന്നാണ് നിരക്കുകള്‍ വ്യക്തമാക്കുന്നത്.
ഇന്‍ഡിഗോയ്ക്ക് കര്‍ശന നിര്‍ദേശങ്ങള്‍
ഇന്‍ഡിഗോ ടിക്കറ്റ് കാന്‍സലേഷനുകളുമായി ബന്ധപ്പെട്ട എല്ലാ റീഫണ്ടും ഞായറാഴ്ച രാത്രി 8നു മുന്‍പായി യാത്രക്കാര്‍ക്ക് നല്‍കിയിരിക്കണമെന്ന് കേന്ദ്രം ഉത്തരവിട്ടു. റീഷെഡ്യൂളിങ് ചാര്‍ജുകള്‍ ഈടാക്കാന്‍ പാടില്ല. റീഫണ്ടില്‍ കാലതാമസം വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും.
യാത്രക്കാരുടെ ലഗേജ് വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയിട്ടുണ്ടെങ്കില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇവ കണ്ടെത്തി യാത്രക്കാരന്റെ വിലാസത്തില്‍ എത്തിക്കണം.
പരാതിപരിഹാരത്തിനായി ഇന്‍ഡിഗോ പ്രത്യേക പാസഞ്ചര്‍ സപ്പോര്‍ട്ട്, റീഫണ്ട് ഫെസിലിറ്റേഷന്‍ സെല്ലുകള്‍ ആരംഭിക്കണം. ഫ്‌ലൈറ്റ് കാന്‍സലേഷന്‍ ബാധിച്ച യാത്രക്കാരെ ഈ സെല്ലുകള്‍ ബന്ധപ്പെട്ട് റീഫണ്ട് നല്‍കുകയോ ബദല്‍ യാത്രാപ്ലാന്‍ വാഗ്ദാനം ചെയ്യുകയോ വേണം. പ്രശ്‌നം തീരും വരെ ഓട്ടമാറ്റിക് റീഫണ്ട് സംവിധാനം തുടരും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
