ന്യൂഡല്‍ഹി: നീണ്ട നാളത്തെ കലാപങ്ങൾക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയിൽ മണിപ്പൂരില്‍ ഗവര്‍ണറായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് മണിപ്പൂരിന്റെ പുതിയ ഗവര്‍ണര്‍. ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ മാറ്റിയാണ് അജയ് കുമാര്‍ ഭല്ലയെ പുതിയ ഗവര്‍ണറായി നിയമിച്ചത്.
പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ അജയ് കുമാര്‍ ഭല്ല റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസറാണ്. 1984 ബാച്ച് അസം-മേഘാലയ കേഡര്‍ ഉദ്യോഗസ്ഥനായിരുന്നു. 2019 മുതല്‍ 2024 വരെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്നു. ഈ വര്‍ഷം ഓഗസ്റ്റിലാണ് അജയ് കുമാര്‍ ഭല്ല വിരമിച്ചത്.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ കേന്ദ്ര സർക്കാരിന്റെ കാര്യമായ ഇടപെടൽ ഉണ്ടാകുന്നുന്നില്ലെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.പലപ്പോഴും സംഘർഷങ്ങളിൽ പ്രതികരിക്കാനും പ്രധാനമന്ത്രി തയ്യാറായിരുന്നില്ല.അതുകൊണ്ട് തന്നെ മണിപ്പുരിൽ പിടിമുറുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി കൂടിയായ അജയ് കുമാര്‍ ഭല്ലയെ ഗവര്‍ണറാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ കരസേനാമേധാവിയും മുന്‍ കേന്ദ്രമന്ത്രിയുമായ ജനറല്‍ വി കെ സിങ്ങിനെ മിസോറം ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്.