എന്‍സിപികളുടെ ലയനം ഫെബ്രുവരിയില്‍?

ലയനത്തിനായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആയിരുന്നു അജിത് പവാറിന്റെ മരണം. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ശരദ് പവാറുമായി അജിത് പവാര്‍ നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നതായി ഇരു വിഭാഗങ്ങളിലെയും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു

author-image
Biju
New Update
NCP

മുംബൈ: എന്‍സിപി (നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി) അജിത് പവാര്‍ വിഭാഗം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ചര്‍ച്ച നടത്തി. വര്‍ക്കിങ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. അജിത് പവാര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ പാര്‍ട്ടിയില്‍ നിലനിര്‍ത്തണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു. ബാരാമതിയിലെ വിമാന അപകടത്തിലാണ് അജിത് പവാര്‍ കൊല്ലപ്പെട്ടത്.

അജിത് പവാര്‍ കൈകാര്യം ചെയ്ത ധനം, എക്‌സൈസ്, സ്‌പോര്‍ട്‌സ് വകുപ്പുകള്‍ എന്‍സിപിയില്‍ നിലനിര്‍ത്തണമെന്ന് നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മന്ത്രിസഭയിലെ അജിത് പവാറിന്റെ ഒഴിവ് ഉടന്‍ നികത്തുമെന്നും, ജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും തീരുമാനമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. എന്‍സിപിയുടെ രണ്ട് വിഭാഗങ്ങളും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നതായും, തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഫെബ്രുവരി രണ്ടാം വാരം ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ലയനത്തിനായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആയിരുന്നു അജിത് പവാറിന്റെ മരണം. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ശരദ് പവാറുമായി അജിത് പവാര്‍ നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നതായി ഇരു വിഭാഗങ്ങളിലെയും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം സംയുക്ത വാര്‍ത്താ സമ്മേളനത്തിലൂടെ ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കാനായിരുന്നു ഇരു നേതാക്കളും തീരുമാനിച്ചിരുന്നത്. ലയനം അന്തിമമാക്കുന്നതിനായി ഇരു വിഭാഗങ്ങളിലെയും നേതാക്കള്‍ അടുത്ത ആഴ്ച യോഗം ചേരുമെന്നും സൂചനയുണ്ട്.

അജിത് പവാര്‍ പക്ഷത്തെ ചില നേതാക്കള്‍ ലയന നീക്കത്തെ എതിര്‍ക്കുന്നുണ്ട്. എത്രയും വേഗം ലയനം വേണമെന്ന നിലപാടിലാണ് ശരദ് പവാര്‍ വിഭാഗം. ലയന പ്രക്രിയയില്‍, അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന്റെ പങ്ക് നിര്‍ണായകമാകും. ശരദ് പവാറിനെ കൂടാതെ സുനേത്ര പവാര്‍, സുപ്രിയ സുളെ, പ്രഫുല്‍ പട്ടേല്‍ എന്നിവരാണ് ലയിക്കുന്ന പാര്‍ട്ടിയെ നയിക്കാന്‍ സാധ്യതയുള്ളവര്‍.