Akhilesh Yadav against pm modi and bjp government in loksabha
ന്യൂഡൽഹി: ലോക്‌സഭയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും വിമർശിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. രാഷ്ട്രപതിക്കുള്ള നന്ദി പ്രമേയ ചർച്ചയിലാണ് അഖിലേഷ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയും ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷിന്റെ വിശ്വാസ്യതയും അഖിലേഷ് യാദവിന്റെ പ്രസംഗ വിഷയങ്ങളായി.
തിരഞ്ഞെടുപ്പിൽ 400 കടക്കുമെന്നായിരുന്നു എൻഡിഎയുടെ അവകാശ വാദം. എന്നാൽ, അതുണ്ടായില്ല. അതിന് ഞാൻ ജങ്ങളോട് നന്ദി പറയുന്നു. ഈ സർക്കാർ നിലനിൽക്കില്ലെന്ന് ജനങ്ങൾ തന്നെ പറയുന്നുണ്ടെന്നും അഖിലേഷ് പറഞ്ഞു. അടിസ്ഥാനമില്ലാതെയാണ് ഈ സർക്കാർ നിലകൊള്ളുന്നതെന്ന് ഹിന്ദി കവിതയെ ഉദ്ധരിച്ച് അദ്ദേഹം പരിഹസിച്ചു.തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞ ബിജെപിക്ക് എൻഡിഎ സർക്കാർ രൂപീകരിക്കാൻ സഖ്യകക്ഷികളെ കൂട്ടുപിടിക്കേണ്ട സാഹചര്യമായിരുന്നെന്നും അദ്ദേഹം പരിഹസിച്ചു.
ഉത്തർപ്രദേശിലെ റോഡുകളിൽ അഴിമതിയുടെ കുഴികളാണെന്നും സംസ്ഥാനത്തെ പ്രധാന നഗരത്തിൽ ബോട്ടുകൾ ഓടുകയാണെന്നും ബിജെപി സർക്കാരിന്റെ അഭിമാന പദ്ധതികളെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷത്തെ നേട്ടം ഒരു മത്സര പരീക്ഷാ മാഫിയയുടെ പിറവിയാണെന്ന് നീറ്റ് പരീക്ഷ ചോദ്യ ചോർച്ചയുടെ പരിഹാസത്തിൽ അദ്ദേഹം വിമർശിച്ചു.
ഒരു യുവാവ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും തുടർന്ന് പേപ്പർ ചോർന്നതായി അറിയുന്നു. എല്ലാ പരീക്ഷകളുടെയും പേപ്പറുകൾ ചോർന്നു. ഇപ്പോൾ ജൂണിൽ, രാജ്യത്തെ ഏറ്റവും അഭിമാനകരമായ പരീക്ഷയുടെ പേപ്പറാണ് ചോർന്നത്. അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് പേപ്പറുകൾ ചോരുന്നത്. ജോലി നൽകാൻ ആഗ്രഹിക്കാത്തതിനാലാണ് സർക്കാർ ഈ ചോർച്ചകൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'അമൃത് കാൽ' യുവാക്കളുടെ പ്രതീക്ഷകളെ വിഷലിപ്തമാക്കിയിരിക്കുന്നു. പ്രതീക്ഷയെ കൊല്ലുന്ന സർക്കാരിന് വർത്തമാനകാലത്തെ മാറ്റാനോ ഭാവിയെ മികച്ചതാക്കാനോ കഴിയില്ല. അയോധ്യ സ്ഥിതി ചെയ്യുന്ന ഉത്തർപ്രദേശിലെ ഫൈസാബാദ് സീറ്റിൽ 'ഇൻഡ്യ' ബ്ലോക്കിന്റെ വിജയം പക്വതയുള്ള ഇന്ത്യൻ വോട്ടറുടെ രാഷ്ട്രീയ ധാരണയുടെ വിജയമാണെന്നും അഖിലേഷ് പറഞ്ഞു.
അതെസമയം 'ഇൻഡ്യ' മുന്നണി ഇന്ത്യക്ക് അനുകൂലമാണെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. പ്രതിപക്ഷ സഖ്യം ഇതിനകം ധാർമിക വിജയം നേടി. വർഗീയ രാഷ്ട്രീയത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ അടയാളമാണ് ജൂൺ നാല്. തകർച്ചയുടെ രാഷ്ട്രീയം പരാജയപ്പെടുകയും ഒന്നിക്കുന്ന രാഷ്ട്രീയം വിജയിക്കുകയും ചെയ്തു. ഇന്ത്യ ഇപ്പോൾ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണെന്ന് സർക്കാർ പറയുന്നു.
എന്നാൽ പ്രതിശീർഷ വരുമാനത്തിൽ രാജ്യം എവിടെ സ്ഥാനം പിടിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കണം. വിശപ്പ് സൂചികയിലും സന്തോഷ സൂചികയിലും ഞങ്ങൾ നിൽക്കുന്നത് എവിടെയാണെന്ന് സർക്കാർ മറച്ചുവെക്കുന്നത് എന്തിനാണെന്നും അഖിലേഷ് ചോദിച്ചു. വ്യക്തിപരമായ അഭിലാഷങ്ങളാൽ രാജ്യം നയിക്കപ്പെടില്ല. മറിച്ച് ആളുകളുടെ ആഗ്രഹത്തിലാണ് നയിക്കപ്പെടേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.