ഡല്‍ഹി സ്‌ഫോടനം; അല്‍-ഫലാഹ് സര്‍വകലാശാലയിലെ വാര്‍ഡ് ബോയ് അറസ്റ്റില്‍

ആക്രമണത്തിന് തൊട്ടുമുമ്പ് ഡോ. ഉമറിന് അദ്ദേഹത്തിന്റെ സഹോദരഭാര്യയുടെ വീട്ടില്‍ അഭയം നല്‍കിയതിനാണ് സോയാബിനെ കസ്റ്റഡിയിലെടുത്തതെന്നും ചാവേറിന് വേണ്ട ലോജിസ്റ്റിക്കല്‍ പിന്തുണ നല്‍കിയെന്നും എന്‍ഐഎ അധികൃതര്‍ അറിയിച്ചു

author-image
Biju
New Update
al

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ ചാവേറാക്രമണത്തിന് കാരണക്കാരനായ ഭീകരന്‍ ഡോ. ഉമര്‍ ഉന്‍ നബിക്ക് അഭയം നല്‍കി ഫരീദാബാദ് നിവാസിയെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി.ആക്രമണത്തിന് തൊട്ടുമുമ്പ് ഡോ. ഉമറിന് അദ്ദേഹത്തിന്റെ സഹോദരഭാര്യയുടെ വീട്ടില്‍ അഭയം നല്‍കിയതിനാണ് സോയാബിനെ കസ്റ്റഡിയിലെടുത്തതെന്നും ചാവേറിന്  വേണ്ട ലോജിസ്റ്റിക്കല്‍ പിന്തുണ നല്‍കിയെന്നും എന്‍ഐഎ അധികൃതര്‍ അറിയിച്ചു.

ഫരീദാബാദിലെ ധൗജ് നിവാസിയായ സോയാബ് കേസില്‍ അറസ്റ്റിലായ ഏഴാമത്തെ വ്യക്തിയാണെന്ന് ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സോയാബ് അല്‍-ഫലാഹ് സര്‍വകലാശാലയില്‍ വാര്‍ഡ് ബോയ് ആയി ജോലി ചെയ്തിരുന്നതായും ഡോ. ഉമറിനെയും മുജാമിലിനെയും പരിചയമുണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

മേവാട്ടില്‍ നിന്ന് രോഗികളെ ഡോക്ടര്‍ ഉമറിലേക്കും മുജമ്മിലിലേക്കും ഇയാള്‍ പതിവായി കൊണ്ടുപോകുമായിരുന്നുവെന്നും ഇത് അവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നുഹിലെ തന്റെ സഹോദരഭാര്യയുടെ വീട്ടില്‍ ഉമറിന് താമസിക്കാന്‍ അയാള്‍ ഏര്‍പ്പാട് ചെയ്തതായും പിന്നീട് മറ്റ് സ്ഥലങ്ങളില്‍ അഭയം നല്‍കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ കാലയളവില്‍, ആക്രമണത്തിന് മുമ്പ് ഉമറിന്റെ നീക്കത്തിന് സഹായകമായ വിധത്തില്‍ ലോജിസ്റ്റിക്കല്‍ പിന്തുണ നല്‍കിയതിനും തെളിവുകളുണ്ട്.

ജമ്മു കശ്മീര്‍ പോലീസ് പിടികൂടിയ 'വൈറ്റ് കോളര്‍' ഭീകരവാദ മൊഡ്യൂളിന്റെ ഭാഗമായിരുന്നു ഡോ. ഉമര്‍.  ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലയിലെ ഇയാളുടെ കൂട്ടാളികളായ ഷഹീന്‍ സയീദ്, മുസമ്മില്‍ ഷക്കീല്‍, അദീല്‍ റാത്തര്‍ എന്നിവര്‍ ഇതിനകം കസ്റ്റഡിയിലാണ്. കേസുമായി ബന്ധമുള്ള മറ്റ് വ്യക്തികളെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനുമായി സംസ്ഥാന പൊലീസ് സേനയുമായി ഏകോപിപ്പിച്ച് ഏജന്‍സി ഒന്നിലധികം സംസ്ഥാനങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്.