പ്രസംഗമായാലും ഉദ്ഘാടനമായാലും ജനങ്ങളെ കൈയിലെടുക്കാനും രാജ്യസ്‌നേഹം ഉയര്‍ത്തിപ്പിടിക്കാനും എന്നും ശ്രദ്ധകേന്ദ്രീകരിക്കുന്ന ലോക നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.മോദിയുടെ ജന പിന്തുണ കണ്ട് സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ് വരെ അമ്പരന്ന് പോയിട്ടുണ്ട്.സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഒരവസരത്തില്‍ മോദിയോട് ചോദിച്ചിട്ടുണ്ട്. ഇത്രയും ജനപിന്തുണയുണ്ടാക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്ന്.
എന്നാല്‍ ആളെ കൂട്ടുക മാത്രമല്ല മോദിയുടെ ഭരണ തന്ത്രം.സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ രാജ്യപുരോഗതി പങ്കുവച്ച്, അതിന്റെ പുതിയ മാനങ്ങളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും മോദി മറക്കാറില്ല. കഴിഞ്ഞ ദിവസമാണ് ജമ്മു-കശ്മീരിലെ സോനമാര്‍ഗ് നഗരത്തിലേക്ക് വര്‍ഷം മുഴുവന്‍ യാത്ര സാധ്യമാക്കുന്ന തുരങ്കപാത ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇവിടെയും മോദി സ്‌റ്റൈല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെടുകയുണ്ടായി.കാരണം അത്രയേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് സെഡ് മോഡ് തുരങ്കമെന്ന സോനാമാര്‍ഗിലേക്കുള്ള തുരങ്കപാത പ്രധാനമന്ത്രി തുറന്നുകൊടുത്തത്.
പ്രതിസന്ധികള്‍ തരണം ചെയ്തുവെന്ന് എടുത്തുപറയാനും കാരണമുണ്ട്.2012 ല്‍ ഈ പദ്ധതി തയ്യാറാക്കുകയും വൈകാതെ നിര്‍മ്മാണം തുടങ്ങുകയും ചെയ്തിരുന്നെങ്കിലും പദ്ധതി നടപ്പാക്കാന്‍ ഒട്ടേറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്.കഠിനമായ കാലാവസ്ഥയും ദുര്‍ഘടം പിടിച്ച ഹിമാലയന്‍ ഭൂപ്രകൃതിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ മുതല്‍ താഴ്വരയിലെ തീവ്രവാദ പ്രസ്ഥാനങ്ങളുടെ ആക്രമണം വരെ തുരങ്ക നിര്‍മ്മാണം വൈകാന്‍ കാരണമായി.
2024 ഒക്ടോബറില്‍ തുരങ്ക നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായ ഏഴ് പേരെയാണ് ഭീകരവാദികള്‍ വെടിവച്ചുകൊന്നത്.'ആപ്‌കോ ഇന്‍ഫ്രാടെക്' എന്ന കമ്പനിയുടെ ഭാഗമായ ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് അന്ന് തോക്കിനിരയായത്.കശ്മീരിലെ ഒരു വന്‍കിട നിര്‍മാണ പ്രവര്‍ത്തന പ്രൊജക്ടിന് നേരെയുണ്ടാകുന്ന ആദ്യത്തെ ഭീകരാക്രമണമായിരുന്നു അത്.സമീപ കാലത്തൊന്നും ഭീകരര്‍ സമാനമായ പ്രൊജക്ടുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നില്ല.കശ്മീര്‍ താഴ്വരയില്‍ ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായ സോജില ടണല്‍ പ്രോജക്ടിനെ തകര്‍ക്കലായിരുന്നു ഇവരുടെ ലക്ഷ്യം.അതെല്ലാം തരണം ചെയ്താണ് ഇപ്പോള്‍ തുരങ്കം യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
സോനമാര്‍ഗിനെയും ഗഗന്‍ഗിറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 6.5 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാതയാണ് സെഡ്-മോഡ്. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ കശ്മീരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ സോനമാര്‍ഗിലേക്ക് എല്ലാ കാലാവസ്ഥയിലും യാത്ര ചെയ്യാനാകും. ഇംഗ്ലീഷ് അക്ഷരമാലയിലെ സെഡ് അക്ഷരത്തിന്റെ രൂപത്തില്‍ വളവുകളുള്ളതിനാലാണ് തുരങ്കത്തിന് ഈ പേര് നല്‍കിയത്.ഏതു കാലാവസ്ഥയിലും ഈ രണ്ടുവരി സെഡ് തുരങ്കപാത ഗതാഗതത്തിനായി ഉപയോഗിക്കാമെന്നതാണ് പ്രത്യേകത.
സമുദ്രനിരപ്പില്‍ നിന്ന് 8650 അടി ഉയരത്തിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്.മഞ്ഞുകാലമാകുമ്പോൾ പ്രദേശത്ത് കടുത്ത മഞ്ഞു വീഴ്ചയുണ്ടാവുന്നതിനാല്‍ സോനമാര്‍ഗിലേക്ക് ഗതാഗതം സാധ്യമാകാറില്ല.ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ 2012-ലാണ് ഈ തുരങ്കപാതയ്ക്കുള്ള പദ്ധതി തയ്യാറാക്കുന്നത്.പിന്നീട് നാഷണല്‍ ഹൈവേയ്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് 'ആപ്‌കോ ഇന്‍ഫ്രാടെക്കിന്' തുരങ്കനിര്‍മ്മാണത്തിനുള്ള കരാര്‍ നൽകുന്നത്.പദ്ധതി 2023 ആഗസ്റ്റില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വൈകുകയായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ഏറെ നിര്‍ണായകമായ സോജില ടണല്‍ പ്രൊജക്ടിന്റെ ഭാഗമാണ് സെഡ്-മോഡ് പ്രൊജക്ട്.സോജില പാതയുടെ 13.2 കിലോമീറ്റര്‍ നിര്‍മാണം 2028-ല്‍ പൂര്‍ത്തിയാകും. ഇതോടെ ശ്രീനഗറില്‍ നിന്ന് ദ്രാസിലേക്കുളള 49 കിലോമീറ്റര്‍ ദൂരം 43 കിലോമീറ്ററായി കുറയും.വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 30 കിലോമീറ്ററില്‍ നിന്ന് 70 കിലോമീറ്ററായി കൂടും.അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ തുടരവെ ലഡാക്കിലേക്ക് വര്‍ഷത്തില്‍ എല്ലാ സമയത്തും ഗതാഗതം സാധ്യമാക്കാനുള്ള പദ്ധതിയാണ് സോജില ടണല്‍ പ്രൊജക്ട്.
ആവശ്യമെങ്കില്‍ ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് വരെ ഈ പാത ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.12,000 അടി ഉയരത്തിലുള്ള സോജില ടണല്‍ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ്.ടണലിന്റെ നിര്‍മാണത്തിന് സെഡ്-മോര്‍ ടണല്‍ ഏറെ പ്രധാനപ്പെട്ടതാണ്.
ലഡാക്കിലേക്ക് സുഗമമായ ഗതാഗതമുണ്ടാകേണ്ടത് സൈന്യത്തിന്റെ അതിര്‍ത്തി സംരക്ഷണത്തിനും നിര്‍ണായകമാണ്.പാകിസ്ഥാനുമായുള്ള അതിര്‍ത്തിയില്‍ ഏറെ തന്ത്രപ്രധാനമായ സിയാച്ചിനിലേക്ക് ഉള്‍പ്പടെയുള്ള സുഗമ ഗതാഗതത്തിന് ഇത് ആവശ്യമാണ്.സൈന്യത്തിന് ആവശ്യമായ യുദ്ധ സാമഗ്രികള്‍ എത്തിക്കാനും ലഡാക്കിനെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന മികച്ച റോഡുകള്‍ വേണം.നിലവില്‍ മഞ്ഞുകാലത്ത് വ്യോമസേന വിമാനങ്ങളെയാണ് സൈന്യം ഇതിനായി ആശ്രയിക്കുന്നത്.