ബി.ജെ.പി. എം.എൽ.എയുടെ കൊലപാതകം; അഫ്സൽ അൻസാരിയുടെ ശിക്ഷ റദ്ദാക്കി

2023-ൽ അന്ന് ബി.എസ്.പിയുടെ ലോക്സഭാംഗമായിരിക്കവേയാണ് അൻസാരിക്ക് ശിക്ഷ വിധിക്കപ്പെടുന്നത്. നാലുവർഷം തടവും ഒരുലക്ഷം രൂപ പിഴയുമായിരുന്നു കോടതി വിധിച്ചത്.

author-image
anumol ps
New Update
afsal anzari

അഫ്സൽ അൻസാരി

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡൽഹി: ബിജെപി എംഎൽഎയെ കൊലപ്പെടുത്തിയ കേസിൽ സമാജ്വാദി പാർട്ടി എം.പി അഫ്സൽ അൻസാരിയുടെ ശിക്ഷ റദ്ദാക്കി.  അൻസാരിക്ക് നാലുവർഷം തടവ് ശിക്ഷ വിധിച്ച ഗാസിപുർ പ്രത്യേക കോടതിയുടെ നടപടിയാണ് അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയത്. ബി.ജെ.പി. എം.എൽ.എയായിരുന്ന കൃഷ്ണാനന്ദ് റായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അൻസാരിക്ക് തടവ് ശിക്ഷ വിധിച്ചത്.

എം.പിമാർക്കും എം.എൽ.എമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന ഗാസിപുറിലെ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചിരുന്നത്. ശിക്ഷയ്ക്കെതിരേ ഹൈക്കോടതിയിൽനിന്ന് അനുകൂലവിധി ലഭിച്ചതോടെ അൻസാരിക്ക് പാർലമെന്റ് അംഗമായി തുടരാം. 2005-ലാണ് കൃഷ്ണാനന്ദ് റായ് കൊല്ലപ്പെടുന്നത്.

ഉത്തർ പ്രദേശ് സർക്കാരും അൻസാരിയുടെ ശിക്ഷ കൂട്ടണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണാനന്ദ് റായിയുടെ മകനും സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി തള്ളുകയായിരുന്നു. ഗാസിപുർ കോടതിയുടെ ശിക്ഷ, ഹൈക്കോടതി ശരിവെക്കുകയായിരുന്നെങ്കിൽ അൻസാരിക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം ലോക്സഭാംഗത്വം രാജിവെക്കേണ്ടി വരുമായിരുന്നു. മാത്രമല്ല, അടുത്ത ആറുകൊല്ലത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യതയും നേരിടേണ്ടിവരുമായിരുന്നു.

2023-ൽ അന്ന് ബി.എസ്.പിയുടെ ലോക്സഭാംഗമായിരിക്കവേയാണ് അൻസാരിക്ക് ശിക്ഷ വിധിക്കപ്പെടുന്നത്. നാലുവർഷം തടവും ഒരുലക്ഷം രൂപ പിഴയുമായിരുന്നു കോടതി വിധിച്ചത്. ഇതിനെതിരേ അൻസാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗുണ്ടാത്തലവനും എം.എൽ.എയുമായിരുന്ന മുക്താർ അൻസാരിയുടെ സഹോദരനാണ് അഫ്സൽ അൻസാരി. കൃഷ്ണാനന്ദ് റായ് കൊലക്കേസിൽ മുക്താർ അൻസാരിയും ശിക്ഷിക്കപ്പെട്ടിരുന്നു. പത്തുകൊല്ലം തടവും അഞ്ചുലക്ഷം രൂപ പിഴയുമായിരുന്നു വിധിച്ചിരുന്നത്.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്.പിയുടെ ടിക്കറ്റിൽ മത്സരിച്ചാണ് അൻസാരി വിജയിച്ചത്. ബി.ജെ.പിയുടെ പരസ് നാഥ് റായ്, ബി.എസ്.പിയുടെ ഉമേഷ് കുമാർ സിങ് എന്നിവരായിരുന്നു എതിരാളികൾ.

afzal ansari