ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റും

ജഡ്ജിയുടെ വീട്ടില്‍ ഉണ്ടായ തീപിടിത്തത്തിനിടെ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ പണം കണ്ടെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് നടപടി.

author-image
Biju
New Update
yu

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വര്‍മയെ സ്ഥലം മാറ്റാന്‍ ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. അലഹബാദ് ഹൈക്കോടതിയിലേക്ക് അദ്ദേഹത്തെ തിരികെ അയയ്ക്കാനാണ് കൊളീജിയം ശുപാര്‍ശ ചെയ്തത്. 

ജഡ്ജിയുടെ വീട്ടില്‍ ഉണ്ടായ തീപിടിത്തത്തിനിടെ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ പണം കണ്ടെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് നടപടി. മാര്‍ച്ച് 20, 24 തീയതികളിലായി നടത്തിയ യോഗങ്ങള്‍ക്കു ശേഷമാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയെ സ്ഥലം മാറ്റാന്‍ കൊളീജിയം തീരുമാനമെടുത്തത്.

മാര്‍ച്ച് 14 ന് വൈകുന്നേരമാണ് ജസ്റ്റിസിന്റെ വീട്ടില്‍ തീപിടിത്തമുണ്ടായത്. തീ അണയ്ക്കുന്നതിനിടെ കണക്കില്‍പ്പെടാത്ത പണം അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. കത്തിനശിച്ച പണത്തിന്റെ വിഡിയോ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയതോടെയാണ് സംഭവം വിവാദമായത്. 

തീപിടിത്തം നടന്ന ദിവസം ജസ്റ്റിസ് വര്‍മയും ഭാര്യയും ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്നും മധ്യപ്രദേശില്‍ യാത്രയിലായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്. സംഭവസമയത്ത് ജസ്റ്റിസിന്റെ മകളും വൃദ്ധയായ അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മാര്‍ച്ച് 21ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരോപണങ്ങളില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയെ രൂപീകരിക്കുകയും ചെയ്തു .

മധ്യപ്രദേശ് സ്വദേശിയായ ജസ്റ്റിസ് യശ്വന്ത് വര്‍മ, 1992ലാണ് അഭിഭാഷകനായത്. തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയില്‍ പ്രാക്ടീസ് നടത്തി. ഉത്തര്‍പ്രദേശിന്റെ ചീഫ് സ്റ്റാന്‍ഡിങ് കൗണ്‍സിലായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 

2013ല്‍ സീനിയര്‍ അഭിഭാഷകനായി നിയമിതനായ അദ്ദേഹം 2014 ഒക്ടോബറില്‍ അലഹബാദ് ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിയായി. 2017 ഫെബ്രുവരിയില്‍ അദ്ദേഹത്തെ സ്ഥിരം ജഡ്ജിയാക്കി. പിന്നീട് അദ്ദേഹത്തെ ഡല്‍ഹി ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. 2021 ഒക്ടോബര്‍ 11നാണ് യശ്വന്ത് വര്‍മ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസായി ചുമതലയേറ്റത്.