
ambani family held mass wedding for 50 underprivileged couples ahead of anant radhika marrige
ഡൽഹി: മകൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി അംബാനി കുടുംബം.സമൂഹ വിവാഹം മുതൽ അന്നദാനം വരെയാണ് കുടുംബം നടത്തിയത്. 50 നിരാലംബരായ ദമ്പതികൾക്കാണ് സമൂഹ വിവാഹ ചടങ്ങിലൂടെ മംഗല്യഭാഗ്യം ലഭിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്കിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
800 ഓളം പേർ പങ്കെടുത്ത ചടങ്ങിൽ ദമ്പതികൾക്ക് സ്വർണം, വെള്ളി,വീട്ടുപകരണങ്ങൾ എന്നിവ സമ്മാനമായി നൽകുകയും ചെയ്തു.വിവാഹിതർ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും അനുഗ്രഹം തേടുന്നതടക്കമുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ജൂലൈ 12 ന് മുംബൈയിലാണ് അനന്ത് അംബാനിയും രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹം.ഇതിനു മുന്നോടിയായാണ് അംബാനി കുടുംബത്തിന്റെ ജീവകാരുണ്യ പ്രവർത്തനം.
തുടർന്ന്,സമൂഹ അന്നദാനവും അംബാനി കുടുംബം സംഘടിപ്പിച്ചു.20,000 ത്തിലധികം പേർ അന്നദാനത്തിനായെത്തിയെന്നാണ് റിപ്പോർട്ട്. അന്നദാനത്തിൽ പങ്കെടുത്തവർ അനന്ത് അംബാനിയോട് നന്ദി അറിയിക്കുകയും വിവാഹത്തിന് അനുഗ്രഹങ്ങൾ നൽകുകയും ചെയ്തു.അംബാനി കുടുംബത്തിലെ എല്ലാ പ്രധാന പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സാമൂഹ്യസേവനത്തിലൂടെയുമാണ് ആരംഭിക്കുന്നത്.
സമീപകാല സംഭവങ്ങൾ ജീവകാരുണ്യത്തോടും സാമൂഹിക ഉത്തരവാദിത്തത്തോടുമുള്ള അംബാനി കുടുംബത്തിന്റെ സമർപ്പണം എടുത്തുകാണിക്കുന്നു.ജൂലൈ 12 ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലാണ് രാധിക മെർച്ചന്റ്-അനന്ത് അംബാനി വിവാഹ ചടങ്ങ് നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന വിവാഹത്തിൽ മൂന്ന് പരിപാടികളുണ്ടാവുക. ശുഭ് വിവാഹ, ശുഭ് ആശിർവാദ്, മംഗൾ ഉത്സവ് എന്നിങ്ങനെയാണ് ചടങ്ങുകൾ.