ഖത്തര്‍ അമീര്‍ നാളെ ഇന്ത്യയിലെത്തും

ഖത്തര്‍ അമീറിന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. നേരത്തെ 2015 മാര്‍ച്ചില്‍ ആയിരുന്നു അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഭരണാധികാരി കൂടിയാണ് ഖത്തര്‍ അമീര്‍.

author-image
Biju
New Update
DHRf

PM Modi and Qatar’s emir, Sheikh Tamim bin Hamad Al Thani

ന്യൂഡല്‍ഹി : ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഖത്തര്‍ അമീര്‍ ഇന്ത്യയിലേക്ക് എത്തുന്നത്. 17-18 തീയതികളില്‍ ആണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുക. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ അമീറിന്റെ സന്ദര്‍ശനം നിര്‍ണായകമാകും. ഊര്‍ജ മേഖല ഉള്‍പ്പെടെ നിരവധി മേഖലകളില്‍ ഇരു രാജ്യങ്ങളും വലിയ പങ്കാളികളാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ നാവികരെ വധശിക്ഷയ്ക്ക് വിധിച്ച കോടതിവിധി റദ്ദാക്കിയ ഭരണാധികാരി കൂടിയാണ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി.

ഖത്തര്‍ അമീറിന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. നേരത്തെ 2015 മാര്‍ച്ചില്‍ ആയിരുന്നു അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഭരണാധികാരി കൂടിയാണ് ഖത്തര്‍ അമീര്‍. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക് എത്തുന്ന അദ്ദേഹത്തിനോടൊപ്പം മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഒരു ബിസിനസ് പ്രതിനിധി സംഘം എന്നിവരുള്‍പ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘവും  ഉണ്ടാകും. ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും ഖത്തര്‍ അമീര്‍ കാണും. ഫെബ്രുവരി 18 ന് രാഷ്ട്രപതി ഭവനില്‍ ഖത്തര്‍ അമീറിന് ആചാരപരമായ സ്വീകരണം നല്‍കും. രാഷ്ട്രപതി ഒരുക്കുന്ന പ്രത്യേക വിരുന്നിലും അദ്ദേഹം പങ്കാളിയാകും.

സമീപ വര്‍ഷങ്ങളില്‍, വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം എക്കാലത്തെക്കാളും കൂടുതല്‍ ശക്തി പ്രാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) വിതരണക്കാരാണ് ഖത്തര്‍. ഇന്ത്യയുടെ ആഗോള എല്‍എന്‍ജി ഇറക്കുമതിയുടെ 48% ത്തിലധികവും ഖത്തറില്‍ നിന്നുമാണ് . 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഖത്തറുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം ഏകദേശം 18.77 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹവും ഇന്ത്യന്‍ പ്രവാസികള്‍ ആണ്.

ഈ മാസം ആദ്യം ഇന്ത്യന്‍ ഊര്‍ജ്ജ വാരത്തിന്റെ ഭാഗമായി ഖത്തര്‍ ഊര്‍ജ്ജ മന്ത്രി സാദ് ഷെരീദ അല്‍-കാബി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു . ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധത അദ്ദേഹം തന്റെ സന്ദര്‍ശന വേളയില്‍ വ്യക്തമാക്കിയിരുന്നു. 

കൂടാതെ കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഖത്തര്‍ ഭരണാധികാരി ഇന്ത്യയിലേക്ക് എത്തുന്നത്.

 

PM Modi