/kalakaumudi/media/media_files/2025/12/10/amit-2025-12-10-19-09-37.jpg)
ന്യൂഡല്‍ഹി: സമഗ്രവോട്ടര്‍ പട്ടിക പരിഷ്‌ക്കരണ (എസ്‌ഐആര്‍) നടപടികളുമായി ബന്ധപ്പെട്ട ലോക്‌സഭയിലെ ചര്‍ച്ചയില്‍ വാക്‌പോരുമായി അമിത്ഷായും രാഹുല്‍ഗാന്ധിയും. വോട്ടുകൊള്ള സംബന്ധിച്ച തന്റെ ആരോപണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. 'താന്‍ എന്തു സംസാരിക്കണം എന്നു താന്‍ തീരുമാനിക്കുമെന്ന്' അമിത് ഷാ മറുപടി നല്‍കി.
വോട്ടര്‍പട്ടികയില്‍ യഥാര്‍ഥ വോട്ടര്‍മാര്‍ മാത്രമേയുള്ളൂ എന്ന് ഉറപ്പാക്കാനാണ് പരിഷ്‌ക്കരണ നടപടികളെന്ന് അമിത്ഷാ പറഞ്ഞു. ''നിങ്ങള്‍ ജയിക്കുമ്പോള്‍ വോട്ടര്‍ പട്ടികയില്‍ പ്രശ്‌നങ്ങളില്ല. പുതു വസ്ത്രം ധരിച്ച് നിങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും. ബിഹാറിലെ പോലെ നിങ്ങള്‍ പരാജയപ്പെട്ടാല്‍, വോട്ടര്‍ പട്ടികയില്‍ പ്രശ്‌നമുണ്ടെന്ന് പറയും. ഈ ഇരട്ട നിലപാട് വിലപ്പോകില്ല'' അമിത്ഷാ പറഞ്ഞു. ജനാധിപത്യത്തെ കോണ്‍ഗ്രസ് അട്ടിമറിച്ചു. ചില കുടുംബങ്ങള്‍ തലമുറകളായി വോട്ടു മോഷ്ടിക്കുന്നവരാണെന്നും അമിത്ഷാ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ പദവിയിലിരിക്കെ എടുക്കുന്ന ഏതു നടപടിക്കും എന്തുകൊണ്ടാണ് നിയമപരിരക്ഷ നല്‍കിയതെന്ന് ആദ്യം മറുപടി നല്‍കാന്‍ ഷായോട് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. തന്റെ വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്നു ചില തിരഞ്ഞെടുത്ത ഉദാഹരണങ്ങള്‍ മാത്രമാണ് ആഭ്യന്തര മന്ത്രി വിശദീകരിച്ചതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. തന്റെ മൂന്നു വാര്‍ത്താ സമ്മേളനങ്ങളെക്കുറിച്ച് ഒരു സംവാദം നടത്താന്‍ വെല്ലുവിളിക്കുന്നതായും രാഹുല്‍ പറഞ്ഞു.
രാഹുലിന്റെ ആരോപണങ്ങളോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചിട്ടുണ്ടെന്ന് അമിത്ഷാ പറഞ്ഞു. ഹരിയാനയിലെ ഒരു വീട്ടില്‍നിന്ന് 501 വോട്ടുകള്‍ രേഖപ്പെടുത്തിയതായി രാഹുല്‍ അവകാശപ്പെട്ടു. 265-ാം നമ്പര്‍ വീട് ഒരു ചെറിയ വാസസ്ഥലമല്ല. പൂര്‍വികര്‍ നല്‍കിയ ഒരു ഏക്കര്‍ ഭൂമിയില്‍ നിര്‍മിച്ച ഒന്നിലധികം വീടുകളാണ് അവിടെയുള്ളതെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
