/kalakaumudi/media/media_files/2025/07/29/amit-2025-07-29-15-10-55.jpg)
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരരെ വധിച്ചെന്ന് വെളിപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഓപ്പറേഷന്‍ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയില്‍ അമിത്ഷാ പ്രഖ്യാപിച്ചു. ഇന്നലെയാണ് സൈന്യത്തിന്റെ ഓപ്പറേഷന്‍ നടന്നത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നാണ് ഷാ അവകാശപ്പെട്ടത്. ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹല്‍ഗാമില്‍ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷന്‍ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.
പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തുവെന്നും അമിത് ഷാ പറഞ്ഞു. ഓപ്പറേഷന്‍ മഹാദേവിലൂടെ ഭീകരരെ വധിച്ച നടപടിയില്‍ സുരക്ഷാ സേനകളെയും ജമ്മു കശ്മീര്‍ പൊലീസിനെയും രഹസ്യാന്വേഷണ ഏജന്‍സികളെയും അമിത് ഷാ അഭിനന്ദിച്ചു. പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ഭീകരരെ അനുവദിച്ചില്ല. പഹല്‍ഗാമിലെ ആക്രമണത്തിനുശേഷം ഭീകരര്‍ സ്ഥിരം നിരീക്ഷണത്തില്‍ ഉണ്ടായിരുന്നു.
മെയ് 22ന് ഇവരെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. അന്നു മുതല്‍ തുടങ്ങിയ ഓപ്പറേഷനാണ് ഭീകരരെ വധിക്കുന്നതിലേക്ക് നയിച്ചത്. ഭീകരരെ സഹായിച്ചവരെ നേരത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഈ ഭീകരരെ തിരിച്ചറിഞ്ഞു. ഭീകരരുടെ കയ്യിലുണ്ടായിരുന്നത് പഹല്‍ഗാമില്‍ ഉപയോഗിച്ച അതേ ആയുധങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.
പ്രസംഗത്തിനിടയില്‍ വാദങ്ങളില്‍ സംശയം ഉന്നയിച്ച അഖിലേഷ് യാദവിനോട് അമിത് ഷാ ക്ഷോഭിച്ചു. ഭീകരരുടെ മതതത്തിന്റെ പേരില്‍ വിഷമം വേണ്ടെന്ന് അഖിലേഷിനോട് അമിത് ഷാ പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരരുടെ കയ്യിലുണ്ടായിരുന്നത് പഹല്‍ഗാമില്‍ ഉപയോഗിച്ച ആയുധങ്ങളെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഭീകരരില്‍ നിന്ന് പിടിച്ച ആയുധങ്ങള്‍ ഇന്നലെ അര്‍ദ്ധരാത്രി പ്രത്യേക വിമാനത്തില്‍ ഛണ്ഡിഗഡിലെ ലാബിലെത്തി പരിശോധിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
മേയ് 22ന് ഭീകരരെ കുറിച്ചു സൂചന ലഭിച്ചു. സുരക്ഷാസേനകളെ അഭിനന്ദിക്കുകയാണ്. ഭീകരരെ സഹായിച്ചവര്‍ നേരത്തേ എന്‍ഐഎയുടെ പിടിയിലായെന്നും അമിത് ഷാ പറഞ്ഞു. ഭീകരരുടെ കയ്യില്‍ നിന്നും പഹല്‍ഗാമില്‍ ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തു. ഭീകരരെ മാത്രമല്ല അവരെ അയച്ചവരെയും കൊലപ്പെടുത്തി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിക്കുന്നത്. ഫൊറന്‍സിക് പരിശോധനയില്‍ ആയുധങ്ങള്‍ തിരിച്ചറിഞ്ഞു. ഭീകരരെ വധിച്ചപ്പോള്‍ എല്ലാവരും സന്തോഷിക്കുമെന്നു കരുതി. പക്ഷേ പ്രതിപക്ഷത്തിനു ദുഃഖമാണെന്നും അമിത് ഷാ പറഞ്ഞു.
വൈകുന്നേരം ഏഴുമണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭയില്‍ സംസാരിക്കും. അതേസമയം പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നു രാജ്യസഭ 2 മണിവരെ നിര്‍ത്തിവച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തിങ്കളാഴ്ച ഉച്ചയോടെ ലോക്സഭയില്‍ ആരംഭിച്ചിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യം അതിര്‍ത്തി കടക്കുകയോ പിടിച്ചെടുക്കുകയോ ആയിരുന്നില്ല, പാക്കിസ്ഥാന്‍ വര്‍ഷങ്ങളായി വളര്‍ത്തിയ ഭീകര കേന്ദ്രങ്ങളെ ഇല്ലാതാക്കുക, പഹല്‍ഗാമിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് അമിത്ഷാ
പഹല്‍ഗാം ഭീകരാക്രമണത്തെയും ഓപ്പറേഷന്‍ സിന്ദൂറിനെയും കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നും പഹല്‍ഗാമിലെ ഭീകരര്‍ പാക്കിസ്ഥാനില്‍നിന്നുള്ളര്‍ തന്നെയാണെന്നതില്‍ ഉറപ്പില്ലെന്നും പറഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ പി. ചിദംബരത്തിനെതിരെ കേന്ദ്രമന്ത്രി അമിത്ഷാ. ഭീകരര്‍ പാക്കിസ്ഥാനികളാണെന്നതിന് തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്ന് അമിത്ഷാ പാര്‍ലമെന്റില്‍ പറഞ്ഞു
പ്രതിപക്ഷ നേതാവ് പാകിസ്ഥാനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഷാ വിമര്‍ശിച്ചു. കോണ്‍ഗ്രസ് പാകിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കുന്നുവെന്നും ഷാ പരഞ്ഞു. 'പഹല്‍ഗാം ഭീകരാക്രമണത്തിലെ കുറ്റവാളികള്‍ മരിച്ചുവെന്ന് അറിയുമ്പോള്‍ പ്രതിപക്ഷം സന്തോഷിക്കുമെന്ന് ഞാന്‍ കരുതിയത്. .. പക്ഷേ അവര്‍ അസ്വസ്ഥരാണെന്ന് തോന്നുന്നു...വെന്നും അദ്ദേഹം പ്രതിപക്ഷത്തെ പരിഹസിച്ചു കൊണ്ട് പറഞ്ഞു.
ആര്‍മിയുടെയും സിആര്‍പിഎഫിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത സൈനിക നടപടിയായ ഓപ്പറേഷന്‍ മഹാദേവിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരവാദികളെ വധിച്ചെന്നും അമിത് ഷാ പറഞ്ഞു. സുലൈമാന്‍, അഫ്ഗാന്‍, ജിബ്രാന്‍ എന്നിവരെയാണ് സുരക്ഷാസേന വധിച്ചത്. ലഷ്‌കറെ തൊയ്ബയുടെ എ കാറ്റഗറി കമാന്‍ഡറാണ് സുലൈമാന്‍. അഫ്ഗാന്‍, ലഷ്‌കറെയുടെ എ കാറ്റഗറി ഭീകരവാദിയാണ്, ജിബ്രാനും.
ബൈസരണ്‍ താഴ്വരയില്‍ നമ്മുടെ പൗരന്മാരെ കൊലപ്പെടുത്തിയ ഈ മൂന്നുപേരെയും ഇല്ലാതാക്കിക്കഴിഞ്ഞു, അമിത് ഷാ പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. വിവാഹം കഴിഞ്ഞ് വെറും ആറുദിവസത്തിനിപ്പുറം വിധവയായ യുവതിയെ കണ്ടു. ആ രംഗം തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. നേരത്തെ ദ് ക്വിന്റിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ചിദംബരം വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ചിദംബരം പറഞ്ഞത് ഇങ്ങനെ:
''എവിടെയാണ് പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരര്‍? അവരെ നേരിടാത്തത് എന്ത്? എന്തുകൊണ്ട് അവരെ തിരിച്ചറിഞ്ഞു പോലുമില്ല? ഭീകരര്‍ക്ക് സഹായം ചെയ്തുവെന്ന പേരില്‍ കുറച്ചുപേരെ അറസ്റ്റ് ചെയ്ത വാര്‍ത്ത വന്നിരുന്നു. അവര്‍ക്ക് എന്താണ് സംഭവിച്ചത്? പല ഉദ്യോഗസ്ഥരില്‍നിന്നു പലപ്പോഴായി പുറത്തുവന്ന ചില വിവരങ്ങള്‍ മാത്രമേ ഇതിനെപ്പറ്റിയുള്ളൂ. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) സിംഗപ്പുരില്‍ ചെന്നു പറഞ്ഞതില്‍നിന്നു ചില വിവരങ്ങള്‍ കിട്ടി. സൈനിക ഉപമേധാവി മുംബൈയില്‍ നടത്തിയ പ്രസ്താവനയില്‍നിന്നു ചിലതു കിട്ടി. ഇന്തൊനീഷ്യയില്‍ നാവികസേനയിലെ ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന്‍ ഒരു പ്രസ്താവന നടത്തി. എന്നാല്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ വിദേശകാര്യ മന്ത്രിയോ ഒരു സമഗ്ര പ്രസ്താവന നടത്താത്തത്?
ഓപ്പറേഷന്‍ സിന്ദൂറില്‍ നമുക്ക് തന്ത്രപരമായ തെറ്റുകള്‍ സംഭവിച്ചിട്ടുള്ളത് മറയ്ക്കാനാണോ ഇത്തരം നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നമ്മള്‍ തന്ത്രം പുനഃപരിശോധിച്ചു. സിഡിഎസ് ഇതേക്കുറിച്ചു സൂചന നല്‍കി. എന്തു തന്ത്രപരമായ തെറ്റുകളാണ് നമുക്കുണ്ടായത്? എന്താണു പുനഃപരിശോധിക്കപ്പെട്ട തന്ത്രങ്ങള്‍? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള പ്രാപ്തി ബിജെപി സര്‍ക്കാരിനില്ലേ? അതല്ലെങ്കില്‍ അവരതിന് ഉത്തരം പറയാന്‍ താല്‍പര്യപ്പെടുന്നില്ലെന്നു കരുതണം.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഈ നാളുകളില്‍ എന്താണ് ചെയ്യുന്നതെന്നതിനെക്കുറിച്ചും അവര്‍ പറയുന്നില്ല. ഭീകരരെ തിരിച്ചറിഞ്ഞോ? അവര്‍ എവിടെനിന്നാണ് വരുന്നത്? നമുക്ക് ആകെ അറിയാവുന്നത് ഭീകരര്‍ നമ്മുടെ നാട്ടില്‍നിന്നുള്ളവര്‍ തന്നെയാണെന്നാണ്. അവര്‍ പാക്കിസ്ഥാനില്‍നിന്നാണു വന്നതെന്ന് നമ്മള്‍ കരുതുന്നത് എന്തുകൊണ്ടാണ്? അതിനു തെളിവൊന്നുമില്ല. എത്ര നഷ്ടമുണ്ടായി എന്നതിനെക്കുറിച്ചും അവര്‍ മറച്ചുവയ്ക്കുന്നു. യുദ്ധമുണ്ടാകുമ്പോള്‍ ഇരുഭാഗത്തും നാശനഷ്ടമുണ്ടാകുമെന്ന് ഞാനെഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു. ഇന്ത്യയ്ക്കും നഷ്ടമുണ്ടായിരിക്കാമെന്ന് എനിക്കു മനസ്സിലാകും.'' ചിദംബരം പറഞ്ഞു.