/kalakaumudi/media/media_files/2025/02/16/R42VD0y37OJofcR1hVHF.jpg)
അമൃത്സര്‍: അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ രണ്ടാം വിമാനം ഇന്ത്യയിലെത്തി. പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിലാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ എത്തിയത്. അമേരിക്കയുടെ സൈനിക വിമാനം ലാന്റ് ചെയ്തത്. 119 ഇന്ത്യാക്കാരാണ് വിമാനത്തിലുള്ളത്. ഇവരെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവ്നീത് സിംഗ് ബിട്ടു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. അതേസമയം അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാം വിമാനം ഇന്ന് രാത്രി എത്തിയേക്കുമെന്നാണ് സൂചന.
അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയില്‍ നിന്നുള്ള രണ്ടാം വിമാനമാണിത്. 67 പേര്‍ പഞ്ചാബികളാണ് വിമാനത്തിലെ യാത്രക്കാര്‍. ഹരിയാനക്കാരായ 33 പേരും ഗുജറാത്ത് സ്വദേശികളായ 8 പേരും ഉത്തര്‍ പ്രദേശ് സ്വദേശികളായ 3 പേരും, മഹാരാഷ്ട്ര രാജസ്ഥാന്‍ സ്വദേശികളായ രണ്ട് പേര്‍ വീതവും, ജമ്മു കാശ്മീര്‍ ഹിമാചല്‍ പ്രദേശ് ഗോവ സ്വദേശികളായ ഓരോ പേരും വിമാനത്തിലുണ്ട്. അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് വന്ന ദിവസം തന്നെയാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ത്യയിലേക്ക് എത്തുന്നത്.
ചങ്ങലക്കിട്ട് നാടുകടത്തിയ അമേരിക്കയുടെ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ മനുഷ്യത്വരഹിതമായ നടപടി ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വിമാനത്തിലും സ്വീകരിച്ചോയെന്നാണ് ഉറ്റുനോക്കുന്നത്. ഫെബ്രുവരി അഞ്ചിനെത്തിയ ആദ്യ വിമാനത്തിലുണ്ടായിരുന്ന 105 പേരെയും കൈയും കാലും ചങ്ങലയിട്ട് ബന്ധിച്ചതില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനും ട്രംപുമായുള്ള കൂടികാഴ്ചയ്ക്കും തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ രണ്ടാം വിമാനം ഇന്ത്യയിലെത്തിയത്. ചങ്ങലയിട്ടതില്‍ ട്രംപിനെ മോദി പ്രതിഷേധം അറിയിച്ചോയെന്നതില്‍ ഇതുവരെ വിദേശകാര്യമന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല. അതേസമയം അമൃത്സറില്‍ വിമാനം ഇറക്കുന്നതില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന് വീണ്ടും രംഗത്ത് വന്നിരുന്നു.