/kalakaumudi/media/media_files/2025/12/20/pilot-2025-12-20-19-37-06.jpg)
ന്യൂഡല്‍ഹി:ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് യാത്രക്കാരനെ മര്‍ദിച്ചെന്ന് ആരോപണം. സെക്യൂരിറ്റി ചെക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണു മര്‍ദനത്തില്‍ കലാശിച്ചതെന്നാണു വിവരം. അങ്കിത് ദിവാന്‍ എന്ന യാത്രക്കാരനാണ് പൈലറ്റില്‍നിന്ന് ദുരനുഭവമുണ്ടായത്. അങ്കിതിനെ മര്‍ദിച്ച വീരേന്ദ്രര്‍ സേജ്വാള്‍ എന്ന പൈലറ്റിനെ ഡ്യൂട്ടിയില്‍നിന്ന് നീക്കി.
താനും കുടുംബവും കടന്നുപോയ ദുരനുഭവത്തെക്കുറിച്ച് അങ്കിത് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചിട്ടുണ്ട്. പൈലറ്റില്‍നിന്ന് ക്രൂരമര്‍ദനം നേരിട്ടെന്നാണു അങ്കിത് ദിവാന്‍ സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. ''4 മാസം പ്രായമുള്ള കുട്ടി കൂടെയുള്ളതിനാല്‍ ജീവനക്കാരുടെ സെക്യൂരിറ്റി ചെക്ക് (പിആര്‍എം ചെക്ക്) ഉപയോഗിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ അവിടെ ജീവനക്കാര്‍ വരിതെറ്റിച്ച് മുന്നില്‍ കയറുന്നുണ്ടായിരുന്നു. ഇത് ഞാന്‍ ചോദ്യം ചെയ്തു. ഇതോടെ ക്യാപ്റ്റന്‍ വീരേന്ദ്രര്‍ സേജ്‌വാള്‍ ദേഷ്യപ്പെടുകയായിരുന്നു. നിരക്ഷരനാണോയെന്നും ജീവനക്കാര്‍ക്കു മാത്രമുള്ള വരിയാണിതെന്ന് എഴുതിയ ബോര്‍ഡ് വായിച്ചില്ലേയെന്നും പൈലറ്റ് ചോദിച്ചു. തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടായി. ഇതോടെ പൈലറ്റ് എന്നെ ശാരീരികമായി ആക്രമിക്കുകയും ഞാന്‍ രക്തത്തില്‍ കുളിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഷര്‍ട്ടിലെ രക്തം എന്റേതാണ്'' രക്തം പുരണ്ട തന്റെ മുഖത്തിന്റെയും സേജ്‌വാളിന്റെയും ചിത്രങ്ങള്‍ സഹിതം ദിവാന്‍ പോസ്റ്റ് ചെയ്തു.
''എന്റെ അവധിക്കാല യാത്ര നശിച്ചു. ഞാന്‍ ആദ്യം ചെയ്തത് ഒരു ഡോക്ടറെ കാണുകയായിരുന്നു. സ്വന്തം അച്ഛന്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നതു കണ്ട എന്റെ 7 വയസ്സുകാരിയായ മകള്‍ ഇപ്പോഴും മാനസികാഘാതത്തിലും ഭയത്തിലുമാണ്. എങ്ങനെയാണ് ഇത്തരം പൈലറ്റുമാരെ വിമാനം പറത്താന്‍ അനുവദിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കയ്യാങ്കളിക്കിടയില്‍ ശാന്തരായിരിക്കാന്‍ കഴിയില്ലെങ്കില്‍, ആകാശത്ത് നൂറുകണക്കിന് ആളുകളുടെ ജീവന്‍ അവരെ എങ്ങനെ വിശ്വസിച്ചേല്‍പ്പിക്കാനാകും?'' അങ്കിത് ദിവാന്‍ എക്‌സില്‍ കുറിച്ചു.
പൈലറ്റിനെ ഉടന്‍ തന്നെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്താനും ഔദ്യോഗിക അന്വേഷണം നടത്താനും കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചു. ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നും യാത്രക്കാരന്‍ രേഖാമൂലം പരാതി നല്‍കിയാല്‍ നിയമനടപടികള്‍ തുടങ്ങുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
