ഏറ്റവും ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പിന്നില്‍ മമത

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) എന്ന സംഘടനയാണ് മുഖ്യമന്ത്രിമാരുടെ സത്യവാങ്മൂലങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

author-image
Biju
New Update
naidu

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ നായിഡുവിന് 931 കോടിയുടെ ആസ്തിയുണ്ട്. ഏറ്റവും കുറഞ്ഞ ആസ്തി 15 ലക്ഷം രൂപമാത്രമുള്ള പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്. 

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) എന്ന സംഘടനയാണ് മുഖ്യമന്ത്രിമാരുടെ സത്യവാങ്മൂലങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആസ്തിയില്‍ രണ്ടാം സ്ഥാനത്ത് 332 കോടിയുള്ള അരുണാചല്‍ മുഖ്യമന്ത്രി പേമാ ഖണ്ഡുവും മൂന്നാമത് 51 കോടിയുള്ള കര്‍ണാടകത്തിലെ സിദ്ധരാമയ്യയുമാണ്. മമത കഴിഞ്ഞാല്‍ ആസ്തികുറവുള്ളത് 55 ലക്ഷം രൂപ മാത്രമുള്ള ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മൂന്നാംസ്ഥാനം 1.18 കോടിയുള്ള പിണറായി വിജയനുമാണ്.

മുഖ്യമന്ത്രിമാരില്‍ 40 ശതമാനത്തിനും ക്രിമിനല്‍ക്കേസുകള്‍

രാജ്യത്തെ 30 മുഖ്യമന്ത്രിമാരില്‍ 40 ശതമാനവും (12 പേര്‍) ക്രിമിനല്‍ക്കേസ് നേരിടുന്നവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതില്‍ത്തന്നെ, 33 ശതമാനവും (പത്തുപേര്‍) നേരിടുന്നത് ഗുരുതരമായ കേസുകളാണ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കാണ് (89) ഏറ്റവും കൂടുതല്‍ ക്രിമിനല്‍ക്കേസുകളുള്ളത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെപേരില്‍ 47-ഉം ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവിന് 19-ഉം ക്രിമിനല്‍ക്കേസുകളുണ്ട്. സിദ്ധരാമയ്യ (13), ഝാര്‍ഖണ്ഡിലെ ഹേമന്ദ് സോറന്‍ (അഞ്ച്) എന്നിവരാണ് തൊട്ടുപിന്നില്‍. പിണറായി വിജയനെതിരേ ലാവലിന്‍ ഉള്‍പ്പെടെ രണ്ടു കേസുകളാണ്. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടേണ്ടതില്ലെന്ന ഹൈക്കോടതി വിധിക്കെതിരേ സിബിഐ നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയിലുണ്ട്. നിയമവിരുദ്ധമായി സംഘംചേരല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കുള്ളതാണ് രണ്ടാമത്തെ കേസ്.