/kalakaumudi/media/media_files/iBt784VPHs11Csdd9fw2.jpg)
ചെന്നൈ: തമിഴ്‌നാട് ബിജെപി പ്രസിഡന്റ് സ്ഥാനം കെ അണ്ണാമലൈ ഒഴിയുന്നു. വീണ്ടും പ്രസിഡന്റ് ആകാന്‍ ഇല്ലെന്ന് അണ്ണാമലൈ അറിയിച്ചു. പുതിയ പ്രസിഡന്റിന് എല്ലാ ആശംസകളും അറിയിക്കുന്നു. പ്രസിഡന്റാകാനുള്ള മത്സരത്തിനില്ലെന്നും അണ്ണാമലൈ നാടകീയമായി പ്രഖ്യാപിച്ചു.
പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്നും ഒറ്റക്കെട്ടായി നേതാവിനെ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 ജൂലൈയില്‍ ആണ് അണ്ണാമലൈ അധ്യക്ഷ പദവിയിലെത്തിയത്. വീണ്ടും എന്‍ഡിഎ സഖ്യത്തിലേക്ക് വരുന്ന എഐഎഡിഎംകെയുടെ ആവശ്യപ്രകാരം അണ്ണാമലൈയെ മാറ്റുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു.
അണ്ണാമലൈയെ നീക്കാന്‍ തീരുമാനിച്ചതായി അമിത് ഷാ നേരിട്ടറിയിച്ചെന്നാണ് ബിജെപിക്കുള്ളില്‍ തന്നെ പ്രചാരണം നടന്നത്. പകരം ബിജെപി നിയമസഭ കക്ഷിനേതാവ് നൈനാര്‍ നാഗേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ആയേക്കുമെന്നാണ് സൂചനകള്‍. അണ്ണാമലൈയെ ഡല്‍ഹിയിലെ പദവിയിലേക്കോ കേന്ദ്ര മന്ത്രിസഭയിലേക്കോ മാറ്റുമെന്നാണ് സൂചന. പക്ഷേ, തമിഴ്‌നാട്ടില്‍ തുടരാനുള്ള താത്പര്യം അദ്ദേഹം അമിത് ഷായെ അറിയിച്ചിട്ടുണ്ട്.
രണ്ടാഴ്ചയ്ക്കുള്ളില്‍ വെറും പാര്‍ട്ടി പ്രവര്‍ത്തകന്‍ മാത്രമായി മാറിയാലും താന്‍ ബിജെപിയില്‍ തുടരുമെന്ന് അണ്ണാമലൈ കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ പറഞ്ഞിരുന്നു. അതേസമയം എടപ്പാടി പളനിസ്വാമിയും അണ്ണാമലൈയും ഗൗണ്ടര്‍ വിഭാഗക്കാര്‍ ആയതിനാല്‍ സോഷ്യല്‍ എഞ്ചിനിയറിംഗിന്റെ ഭാഗമായി പുതിയ നേതൃത്വം എന്ന വാദം ബിജെപി ഉയര്‍ത്തുമെന്നാണ് സൂചന. അണ്ണാമലൈ തുടര്‍ന്നാല്‍ സഖ്യം സാധ്യമല്ലെന്ന് ഇപിഎസ് ദിലിയില്‍ വച്ച് അമിത് ഷായെ അറിയിച്ചിരുന്നു.