ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ തമിഴ്നാട് ബിജെപി അധ്യക്ഷനും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ അണ്ണാമലൈ രാഷ്ട്രീയത്തില്‍ നിന്നും താല്‍കാലിക ഇടവേളയെടുക്കുന്നതായി റിപ്പോര്‍ട്ട്. വിദ്യാഭ്യാസത്തിനായി ബ്രിട്ടനിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ടാണ് ഇടവേളയെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇക്കാര്യം അണ്ണാമലൈ സ്ഥിരീകരിച്ചിട്ടില്ല.
ഫെലോഷിപ്പിന് വേണ്ടിയാണ് അണ്ണാമലൈ യുകെയിലേക്ക് പോകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് മാസത്തെ കോഴ്‌സിന് വേണ്ടിയാണ് അദ്ദേഹം ബ്രിട്ടനിലേക്ക് തിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള ബിജെപി തമിഴ്‌നാട്ടില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്.
ഒരുസീറ്റ് പോലും ബിജെപിക്ക് നേടാനായില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി രണ്ടുതവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെത്തിയത്. എന്നാല്‍, അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂരില്‍ പോലും ദയനീയ പ്രകടനമാണ് ബിജെപി നടത്തിയത്. അണ്ണാമലൈക്ക് സംസ്ഥാന അധ്യക്ഷ പദവി നല്‍കിയതില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് കേന്ദ്ര നേതൃത്വം തീരുമാനമെടുത്തത്.