കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല ;ഗർഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു.

ഞായറാഴ്ച കൃഷിയിടത്തിൽ വച്ച് യുവതിയുടെ ഭർത്താവിനെയും ഭർതൃപിതാവിനെയും മാന്യത പാട്ടീലിന്റെ ബന്ധുക്കൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും രക്ഷപ്പെട്ടു

author-image
Devina
New Update
womenn

ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ വീണ്ടും ദുരഭിമാന കൊലപാതകം. ഗർഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേർന്ന് വെട്ടികൊലപ്പെടുത്തി .

19കാരിയായ മാന്യത പാട്ടീൽ ആണ് മരിച്ചത്.

മറ്റൊരു ജാതിയിൽ പെട്ട യുവാവിനെ കല്യാണം കഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം-വീരപൂരിൽ ഞായറാഴ്ച വൈകുന്നേരമാണ്  ഇത്തരത്തിലുള്ള ദാരുണ സംഭവം നടന്നത് .

മകളുടെ മരണവുമായി ബന്ധപ്പെട്ട് പിതാവ് ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പൈപ്പും കൃഷിക്ക് ഉപയോഗിക്കുന്ന ആയുധങ്ങളും ഉപയോഗിച്ചാണ് 19കാരിയെ ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മെയ് മാസത്തിലാണ് കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് തന്റെ ഗ്രാമത്തിലെ തന്നെ മറ്റൊരു ജാതിയിൽപെട്ട യുവാവിനെ മാന്യത പാട്ടീൽ വിവാഹം കഴിച്ചത്.

 ജീവന് ഭീഷണിയെ തുടർന്ന് ഹവേരിയിലാണ് ദമ്പതികൾ കുറെനാൾ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഈ മാസം ആദ്യമാണ് അവർ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്.

ഞായറാഴ്ച കൃഷിയിടത്തിൽ വച്ച് യുവതിയുടെ ഭർത്താവിനെയും ഭർതൃപിതാവിനെയും മാന്യത പാട്ടീലിന്റെ ബന്ധുക്കൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും രക്ഷപ്പെട്ടു. 

പിന്നീട് പ്രതികൾ മാന്യത പാട്ടീൽ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി അവളെയും മറ്റൊരു സ്ത്രീയെയും അവിടെയുള്ള ഒരു പുരുഷനെയും ആക്രമിക്കുകയായിരുന്നു.

 ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആറു മാസം ഗർഭിണിയായ യുവതിയെ പരിക്കുകളോടെയാണ് ആശുപത്രിയിൽ എത്തിച്ചത്.

എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത ഹുബ്ബള്ളി റൂറൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.