/kalakaumudi/media/media_files/2025/11/14/apche-2025-11-14-08-04-11.jpg)
ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയ്ക്കായി പുതിയ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവന്ന ചരക്കു വിമാനത്തിനു തുര്‍ക്കി വ്യോമപാത നിഷേധിച്ചെന്ന് റിപ്പോര്‍ട്ട്. പ്രവര്‍ത്തന കേന്ദ്രമായ ജര്‍മനിയിലെ ലൈപ്‌സിഗില്‍ നിന്ന് അരിസോണയിലെ മെസാ ഗേറ്റ്വേ (ഫീനിക്‌സ് മെസാ) വിമാനത്താവളത്തിലെത്തിയ An-124 UR-82008 അന്റോനോവ് ചരക്കു വിമാനം അവിടെ നിന്ന് ഇന്ത്യന്‍ കരസേനയ്ക്കുള്ള മൂന്ന് AH 64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുമായി ഈ മാസം ഒന്നിനാണ് പറന്നുയര്‍ന്നത്.
ഇന്ധനം നിറക്കുന്നതിന് ബ്രിട്ടനിലെ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തിനു തുടര്‍ന്ന് ഇന്ത്യയിലേക്ക് തുര്‍ക്കി വ്യോമപാത നിഷേധിച്ചുവെന്നാണു സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എട്ടു ദിവസം വിമാനത്താവളത്തില്‍ അനുമതി കാത്തുകിടന്ന വിമാനം തുടര്‍ന്ന് എട്ടിന് യുഎസിലേക്കു മടങ്ങി.
ആറ് AH 64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍ നല്‍കാമെന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ബോയിങ് ജൂലൈയില്‍ ഇന്ത്യന്‍ കരസേനയ്ക്കു മൂന്ന് ഹെലികോപ്റ്ററുകള്‍ കൈമാറിയിരുന്നു. അന്ന് വ്യോമപാത ഉപയോഗിക്കാന്‍ തുര്‍ക്കി അനുമതി നല്‍കിയിരുന്നു. മുന്‍നിശ്ചയ പ്രകാരം ബോയിങ് കമ്പനി ഈ മാസം കരസേനയ്ക്കു മൂന്നു ഹെലികോപ്റ്ററുകള്‍ കൈമാറേണ്ടതാണ്. പുതിയ സംഭവത്തോടെ ഇതു വൈകുമെന്നാണു സൂചന. മറ്റൊരു വ്യോമപാതയിലൂടെ ഹെലികോപ്റ്ററുകള്‍ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുകയാണ്. ബോയിങ്ങിന്റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ 22 എണ്ണം വ്യോമസേനയും 3 എണ്ണം കരസേനയും ഉപയോഗിക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
