അർജുൻ്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു; ഭരണകൂടവുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ ഈശ്വർ മാൽപെ തിരച്ചൽ നിർത്തി

ഷിരൂർ ദൗത്യത്തിൽ നിന്നും മടങ്ങുന്നതായി ഈശ്വർ മാൽപെ. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയ്ക്ക് പിന്നാലെയാണ് ഈശ്വർ മാൽപെ തിരച്ചിലിൽ നിന്ന് പിന്മാറുന്നത്.

author-image
Anagha Rajeev
New Update
arjun-search-mission-eshwar-malpe-found-lorry-parts-from-gangavali-river
Listen to this article
0.75x 1x 1.5x
00:00 / 00:00

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ വീണ്ടും അനിശ്ചിതത്വം. ഷിരൂർ ദൗത്യത്തിൽ നിന്നും മടങ്ങുന്നതായി ഈശ്വർ മാൽപെ. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയ്ക്ക് പിന്നാലെയാണ് ഈശ്വർ മാൽപെ തിരച്ചിലിൽ നിന്ന് പിന്മാറുന്നത്.

ഷിരൂർ ദൗത്യം മൂന്നാം ഘട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നാവിക സേന കണ്ടെത്തിയ ഒന്ന്, രണ്ട് പോയിന്റുകളാണ്. ഈ പോയിന്റുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കാൻ പോകുന്നത്. ആ പോയിന്റ് കേന്ദ്രീകരിച്ചുള്ള തിരച്ചിലിന് വേണ്ടി ഈശ്വർ മാൽപെ തയ്യാറായിരുന്നു. എന്നാൽ തിരച്ചിൽ നടത്തേണ്ടെന്ന് പറഞ്ഞ് ഈശ്വർ മാൽപെയെ അവിടെ നിന്ന് മാറ്റിനിർത്തുകയായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ തിരച്ചിലിൽ പങ്കാളിയാക്കാതെ മാൽപെയെ മാറ്റി നിർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ സമ്മർദ്ദത്തിന് പിന്നാലെ അദ്ദേഹത്തെ ദൗത്യത്തിന്റെ ഭാഗമാക്കുകയായിരുന്നു.

ഇന്ന് രാവിലെ പ്രധാനപ്പെട്ട പോയിന്റുകളിലെ തിരച്ചിലിൽ നിന്നും മാറ്റിനിർത്തിയതിന് പിന്നാലെ മാൽപെ ജില്ലാ ഭരണകൂടവുമായി അഭിപ്രായ വ്യത്യാസത്തിലേക്കെത്തുകയായിരുന്നു. അതുകൊണ്ട് തിരിച്ചു പോകുകയാണെന്നും ഭരണകൂടവുമായി അടിയുണ്ടാക്കാൻ സാധിക്കില്ലെന്നും മാൽപെ പറഞ്ഞു.

വലിയ ഹീറോയാകണ്ടെന്ന് പറഞ്ഞ് ഒരു ഫോൺ വന്നു. ഞാൻ ഹീറോയാവാൻ വന്നതല്ല, അർജുന്റെ തിരച്ചിലിന് വേണ്ടി വന്നതാണ്. ഞങ്ങൾ തിരിച്ച് നാട്ടിൽ പോകുന്നു, എല്ലവരോടും ക്ഷമ ചോദിക്കുന്നു. കുടുംബത്തെയും കുട്ടികളെയും വിട്ടാണ് ഇവിടെ വന്നത്. എന്നിട്ട് അടി ഉണ്ടാക്കി നിൽക്കേണ്ട ആവശ്യമില്ല. എന്താണ് സംഭവമെന്ന് അറിയില്ല. അർജുന്റെ അമ്മയോട് ക്ഷമ ചോദിക്കുന്നു. തിരച്ചിലിന് ഒരുപാട് ബുദ്ധിമുട്ടുണ്ട്. കേരളക്കാരോട് മാപ്പ് ചോദിക്കുന്നു,' ഈശ്വർ മാൽപെ പറഞ്ഞു.

ജില്ലാ ഭരണകൂടത്തിൽ നിന്നും വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദമുണ്ടാകുന്നുവെന്നും ആരും പണം തന്നിട്ടല്ല വന്നതെന്നും മാൽപെ കൂട്ടിച്ചേർത്തു. എല്ലാ സ്ഥലവും നോക്കി, ഇന്ന് സ്‌കൂട്ടർ കിട്ടിയിടത്ത് ഇനിയും തടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരച്ചിലിന് ഒരു സൗകര്യമില്ലെന്നും മടുത്തിട്ടാണ് പോകുന്നതെന്നും മാൽപെ പറഞ്ഞു. അനുകൂല സാഹചര്യമുണ്ടെങ്കിൽ തിരിച്ച് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

arjun Ishwar Malpe