ആരവല്ലി കുന്നുകളുടെ നിര്‍വചനത്തില്‍ വ്യക്തത വേണം; '100 മീറ്റര്‍ ചട്ടം' അംഗീകരിച്ച വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ

തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി, വിഷയത്തില്‍ പുതിയൊരു വിദഗ്ധ സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. സമിത രൂപീകരിക്കുന്നതുവരെ സ്റ്റേ പ്രാബല്യത്തില്‍ തുടരുമെന്ന് കോടതി വ്യക്തമാക്കി.

author-image
Biju
New Update
aravally hills

ന്യൂഡല്‍ഹി: ആരവല്ലി കുന്നുകളുടെ നിര്‍വചനവുമായി ബന്ധപ്പെട്ട് നവംബര്‍ 20 ന് പുറപ്പെടുവിച്ച വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ആരവല്ലി മലനിരകളുടെ അതിര്‍ത്തി നിശ്ചയിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച '100 മീറ്റര്‍ ചട്ടം' അംഗീകരിച്ച ഉത്തരവാണ് കോടതി ഇപ്പോള്‍ മരവിപ്പിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ സുപ്രീം കോടതി ബെഞ്ചാണ് എല്ലാ അവ്യക്തതകളും പരിഹരിക്കുന്നതിനായി ഉത്തരവ് സ്റ്റേ ചെയ്തത്. 

തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി, വിഷയത്തില്‍ പുതിയൊരു വിദഗ്ധ സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. സമിത രൂപീകരിക്കുന്നതുവരെ സ്റ്റേ പ്രാബല്യത്തില്‍ തുടരുമെന്ന് കോടതി വ്യക്തമാക്കി. നേരത്തെ 100 മീറ്റര്‍ ചട്ടം ശുപാര്‍ശ ചെയ്ത പാനലിന്റെ റിപ്പോര്‍ട്ട് പുനഃപരിശോധിക്കുകയാകും പുതിയ സമിതിയുടെ ചുമതല.

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 100 മീറ്റര്‍ പരിധി എന്ന നിര്‍വചനം നേരത്തെ സുപ്രീം കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍, പുതിയ നിര്‍വചനം ആരവല്ലി മേഖലയില്‍ വന്‍തോതിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിതുറക്കുമെന്നും പ്രദേശത്തെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി വിധി പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.

ആരവല്ലി മലനിരകളുടെ സംരക്ഷണവും ഖനന നിയന്ത്രണവും സംബന്ധിച്ച ദീര്‍ഘകാലമായുള്ള നിയമപോരാട്ടത്തില്‍ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവായാണ് സ്റ്റേ ഉത്തരവ് വിലയിരുത്തപ്പെടുന്നത്. പഴയ പാനല്‍ നല്‍കിയ ശുപാര്‍ശകള്‍ എത്രത്തോളം ശാസ്ത്രീയമാണെന്നും അത് പരിസ്ഥിതിയെ എങ്ങനെയെല്ലാം ബാധിക്കുമെന്നും പുതിയ സമിതി പരിശോധിക്കും.