അഴിമതി മാറ്റാന്‍ ചൂലുമായി ഇറങ്ങി; ഒടുവില്‍ അഴമതിക്കേസില്‍ അറസ്റ്റില്‍!

വ്യാഴാഴ്ച രാത്രിയാണ് ഇഡി കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്

author-image
Rajesh T L
New Update
Aravind Kejriwal
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തി, ഒടുവില്‍ അഴിമതി കേസില്‍ അറസ്റ്റിലായി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ രാഷ്ട്രീയ പ്രവേശനവും മദ്യനയക്കേസിലെ അറസ്റ്റും തമ്മിലുള്ള വൈരുദ്ധ്യം ഇതാണ്. വ്യാഴാഴ്ച രാത്രിയാണ് ഇഡി കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു  പിന്നാലെയായിരുന്നു അറസ്റ്റ്. 

ആംആദ്മി പാര്‍ട്ടിയിലെ നേതാക്കളില്‍ രണ്ടാമന്‍ മനീഷ് സിസോദിയയുടെ അറസ്റ്റിനു പിന്നാലെയാണ്, പാര്‍ട്ടിയിലെ ഒന്നാമനായ അരവിന്ദ് കേജ്രിവാളും അറസ്റ്റിലായത്. അതും ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത്. അറസ്റ്റില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അറസ്റ്റില്‍ പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യ കിരാതമായ ഏകാധിപത്യത്തിലേക്ക് നടന്നുനീങ്ങുകയാണോ എന്ന സംശയമാണ് ചെന്നിത്തല സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നത്. അറസ്റ്റ് മോദി സര്‍ക്കാരിന്റെ പരാജയഭീതി തുറന്നുകാട്ടുന്നു. കോണ്‍ഗ്രസും രാജ്യത്തെ പ്രതിപക്ഷ നിരയും ഒന്നിച്ചുനിന്നാല്‍ ഉത്തരേന്ത്യയില്‍ തിരിച്ചടി നേരിടും എന്ന ഭീതിയാണ് അറസ്റ്റിനു പിന്നിലെന്നും ചെന്നിത്തല ആരോപിക്കുന്നു.

രാഷ്ട്രീയമായി വലിയ ആയുധമാണ് പ്രതിപക്ഷ കക്ഷികള്‍ക്ക് ലഭിച്ചത്. ഇഡി പോലുള്ള കേന്ദ്ര ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന ആക്ഷേപം തന്നെയാവും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുക.

കേജ്രിവാളിന്റെ അറസ്റ്റ് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുടെ കെട്ടുറപ്പ് ശക്തമാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ആംആദ്മി പാര്‍ട്ടിയും  ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേജ്രിവാളിന്റെ കുടുംബവുമായി ഫോണില്‍ സംസാരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഹാര്‍ഡ് കോര്‍ വിമര്‍ശകനായ തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പ്രതിഷേധം അറിയിച്ചു. ജനരോഷം നേരിടാന്‍ ബിജെപി ഒരുങ്ങിക്കോളൂ എന്നാണ് സ്റ്റാലിന്റെ പ്രതികരണം. 

രാഷ്ട്രീയ എതിരാളികളെ കളയ്ക്കാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുന്നു എന്ന ആരോപണം കുറച്ചുനാളായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്. മാത്രമല്ല, ഇതിനു ബലം നല്‍കുന്ന നിരവധി സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്. 

അതുകൊണ്ടുതന്നെ, കേജ്രിവാളിന്റെ അറസ്റ്റ് ഇന്ത്യ മുന്നണി ശക്തമായ രാഷ്ട്രീയ ആയുധമായി തന്നെ ഉപയോഗിക്കും. മുന്നണി ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യവും കോണ്‍ഗ്രസിന് മറ്റു പാര്‍ട്ടികളെ ബോധ്യപ്പെടുത്താന്‍ സാധിക്കും. ബിജെപിക്ക് അഴിമതി വിരുദ്ധ ഇമേജ് അവകാശപ്പെടാം. എന്നാണ്, അഴിമതിയില്‍ കുളിച്ച നേതാക്കള്‍ എന്‍ഡിഎ മുന്നണിയില്‍ എത്തിയാല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ രക്ഷപ്പെടാം എന്ന മറുവാദമാകും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുക.

എന്താണ് മദ്യനയ അഴിമതിക്കേസ്? 

2021 നവംബറിലാണ് ഡല്‍ഹി സര്‍ക്കാര്‍ പുതിയ മദ്യനയം നടപ്പാക്കിയത്. പുതിയ മദ്യനയം അനുസരിച്ച് മദ്യവില്‍പനയില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്മാറി. മദ്യവില്‍പനയുടെ ചുമതല മറ്റു കമ്പനികള്‍ക്ക് നല്‍കി. ഡല്‍ഹിയെ 32 സോണുകളാക്കി തിരിച്ചു. ഓരോ സോണിലും 27 കടകള്‍ വീതം 864 ഔട്ട്ലെറ്റുകള്‍ക്ക് ടെന്‍ഡര്‍ വിളിച്ച് അനുമതി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് സ്വകാര്യ ഔട്ട്ലെറ്റുകളിലൂടെ മദ്യവില്‍പ്പന തുടങ്ങി. ഇതോടെ മദ്യത്തിന്റെ ഗുണനിലവാരത്തില്‍ വ്യാപക പരാതിയും ഉയര്‍ന്നു. മദ്യ നയം നടപ്പാക്കിയ രീതിയില്‍ അഴിമതി നടന്നതായി ബിജെപി ആരോപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റും എംപിയുമായ മനോജ് തിവാരി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയും നല്‍കി.  

മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട ലൈസന്‍സികള്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഡല്‍ഹി ചീഫ് സെക്രട്ടറി, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയ്ക്ക് 2022 ജൂലൈ എട്ടിന് റിപ്പോര്‍ട്ട് നല്‍കി. ലൈസന്‍സ് ഫീയില്‍ നല്‍കിയ 144.36 കോടി രൂപയുടെ ഇളവ് സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് പുതിയ നയം നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2022 ജൂലായ് 22 ന് ചട്ടലംഘനങ്ങള്‍ക്കും നടപടിക്രമങ്ങളിലെ പിഴവുകള്‍ക്കുമെതിരെ സിബിഐ അന്വേഷണത്തിന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കി.

ഇതോടെ 2022 ജൂലായില്‍ പുതിയ മദ്യനയത്തില്‍ നിന്ന് ഡല്‍ഹി സര്‍ക്കാര്‍ പിന്മാറി. പുതിയ നയത്തില്‍ തീരുമാനമാകുന്നതു വരെ, ആറുമാസത്തേക്ക് പഴയ നയം വീണ്ടും കൊണ്ടുവരാന്‍ എക്‌സൈസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിര്‍ദേശം നല്‍കി.

2022 ഓഗസ്റ്റ് 17 ന് വഞ്ചന, കൈക്കൂലി എന്നീ കുറ്റങ്ങള്‍ ചുമത്തി സിസോദിയക്കും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വ്യവസായികള്‍ക്കുമെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 2022 ഓഗസ്റ്റ് 22 ന് സിബിഐയില്‍ നിന്ന് ഇഡി കേസിന്റെ വിശദാംശങ്ങള്‍ തേടി. തുടര്‍ന്ന് മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിന് ഇഡി കേസെടുത്തു. 

 

 

india delhi Delhi Liquor Policy Case Delhi Liquor Policy Scam Case aravind kejriwal delhi liquor policy corruption case