രാഷ്ട്രപതിയുടെ റഫറൻസിൽ വാദം; ​'ഗവർണർ‌ ശത്രുതാ മനോഭാവത്തിൽ പ്രവർത്തിക്കരുത്, ബില്ലുകൾ റദ്ദാക്കുമ്പോൾ കാരണം പറയണം'; കേരളം സുപ്രീംകോടതിയിൽ

ഗവർണർ ശത്രുത മനോഭാവത്തിൽ അല്ല പ്രവർത്തിക്കേണ്ടതെന്നും പാസാക്കുന്ന ബില്ലുകളെ കുറിച്ച് ഗവർണർക്ക് കൃത്യമായ ധാരണയുണ്ടെന്നും കേരളം വ്യക്തമാക്കി

author-image
Devina
New Update
court


ദില്ലി: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിൽ കേരളത്തിന്റെ വാദം പൂർത്തിയായി. ഗവർണർ എതിരാളിയല്ല ജനങ്ങളോട് ബാധ്യസ്ഥനെന്ന് കേരളം സുപ്രീം കോടതിയിൽ പറഞ്ഞു. ഗവർണർ നിയമനിർമ്മാണ സഭയുടെ ഭാഗമാണ്. ഗവർണർ ശത്രുത മനോഭാവത്തിൽ അല്ല പ്രവർത്തിക്കേണ്ടതെന്നും പാസാക്കുന്ന ബില്ലുകളെ കുറിച്ച് ഗവർണർക്ക് കൃത്യമായ ധാരണയുണ്ടെന്നും കേരളം വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങളുടെ ഇച്ഛയ്ക്ക് ‌അനുസരിച്ച് വേണം പ്രവർത്തിക്കേണ്ടത്. ബില്ലുകൾ റദ്ദാക്കപ്പെടുമ്പോൾ അതിന്റെ കാരണവും പറയണം. നിയമസഭയുടെ പ്രവർത്തനം അട്ടിമറിക്കാൻ ഗവർണർക്ക് കഴിയില്ല. മന്ത്രിമാരുമായി ബില്ലിനെ കുറിച്ച് സംസാരിച്ചതിനുശേഷം ബില്ല് തടഞ്ഞുവെക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും കേരളം വാദത്തിൽ ചൂണ്ടിക്കാട്ടി. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയിരുന്ന സമയത്ത് മന്ത്രിമാരുമായി ചർച്ച നടത്തിയത് മുതിർന്ന അഭിഭാഷകൻ കെ കെ വേണു​ഗോപാൽ കോടതിയിൽ പരാമർശിച്ചു. സംസ്ഥാനങ്ങളിലും സർക്കാരുകളുമായി സഹകരിച്ച് ആണ് ഗവർണർമാർ പ്രവർത്തിക്കുന്നത്.കേരളത്തിനായി മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ ആണ് വാദിച്ചത്. സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഉൾപ്പെടെയുള്ളവർ റഫറൻസിന്റെ ഭാഗമായുള്ള വാദത്തിനായി ദില്ലിയിലെത്തിയിരുന്നു. റഫറൻസിന് പിന്നിൽ കേന്ദ്രത്തിന്റെ ഇടപെടൽ എന്നാണ് സുപ്രീംകോടതിയിൽ കേരളം നേരത്തെ നിലപാട് വ്യക്തമാക്കിയത്. ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി നിലനിർത്തണമെന്ന് ആവശ്യമാണ് കേരളം ഉന്നയിച്ചത്. ഫെഡറൽ സംവിധാനങ്ങളെ തകിടം മറിക്കാൻ ഗവർണർമാരെ ഉപയോഗിക്കുന്ന കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ വാദങ്ങൾ കേരളം നിരത്തുമെന്ന വിവരം ആദ്യംതന്നെ പുറത്തുവന്നിരുന്നു.