'ഭീകരതയെ ഇരുമ്പ് മുഷ്ടികൊണ്ട് നേരിടും' കാര്‍ഗില്‍ വിജയ ദിവസത്തില്‍ പാക്കിസ്ഥാന് താക്കീതുമായി കരസേന മേധാവി

പാക്കിസ്ഥാന്റെ ഭീകരതയ്ക്കുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂരിലൂടെ രാജ്യം നല്‍കിയതെന്നും ഭീകരതയെ ഇരുമ്പ് മുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും കരസേന മേധാവി പറഞ്ഞു

author-image
Biju
New Update
karasena

ന്യൂഡല്‍ഹി: കാര്‍ഗില്‍ വിജയ ദിവസത്തില്‍ പാക്കിസ്ഥാന് ശക്തമായ താക്കീതുമായി കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. പാക്കിസ്ഥാന്റെ ഭീകരതയ്ക്കുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂരിലൂടെ രാജ്യം നല്‍കിയതെന്നും ഭീകരതയെ ഇരുമ്പ് മുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും കരസേന മേധാവി പറഞ്ഞു. കാര്‍ഗില്‍ വിജയ് ദിവസത്തിന്റെ ഭാഗമായി ദ്രാസിലെ യുദ്ധസ്മാരകത്തിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കരസേന മേധാവി. 

കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 26 വര്‍ഷം തികയുകയാണ്. ഇന്ത്യന്‍ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാര്‍ഗിലിലെ മഞ്ഞ് പുതച്ച മലനിരകളില്‍ യുദ്ധം തുടങ്ങുന്നത്. 1999ലെ ശൈത്യകാലത്ത് പാക്ക് പട്ടാളം കശ്മീര്‍ തീവ്രവാദികളുടെയും മറ്റും സഹായത്തോടെ കാര്‍ഗിലിലെ ഉയര്‍ന്ന പോസ്റ്റുകള്‍ പിടിച്ചടക്കി. 

16,000 മുതല്‍ 18,000 അടി വരെ ഉയരത്തിലുളള മലനിരകളില്‍ നിലയുറപ്പിച്ച അക്രമികളെ തുരത്താനായി 'ഓപ്പറേഷന്‍ വിജയ്'എന്ന പേരില്‍ ഇന്ത്യ നടത്തിയ സൈനിക നടപടികള്‍ രണ്ടരമാസത്തോളം നീണ്ടു. പാക്കിസ്ഥാന്‍ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യന്‍ സേന തിരിച്ചുപിടിച്ചു. ജൂലൈ 26ന് ഇന്ത്യ കാര്‍ഗിലില്‍ വിജയവും പ്രഖ്യാപിച്ചു. 1999 മെയ് എട്ടിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

കാര്‍ഗിലിലെ ദ്രാസ് പട്ടണത്തിന് മുകളിലുള്ള ടൈഗര്‍ ഹില്‍സ് മുതല്‍ തോലോലിംങ്ങ് മലനിരകള്‍ പിടിച്ചെടുക്കാനുള്ള പാക് നീക്കമാണ് യുദ്ധത്തില്‍ കലാശിച്ചത്. ഇന്ത്യന്‍ സൈനിക ശക്തിയുടെ കരുത്തുകൊണ്ടാണ് കാര്‍ഗിലെ മലനിരകള്‍ തിരിച്ചു പിടിച്ചത്. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ഇരുപത്തിയാറാം വാര്‍ഷികത്തില്‍ ആധുനികതയുടെ പാതയിലാണ് ഇന്ത്യന്‍ കരസേന. ശത്രുവിന്റെ പാളയത്തിലെത്തി ആക്രമണം നടത്താനാകുന്ന ഡ്രോണുകള്‍ മുതല്‍ സുരക്ഷ നിരീക്ഷണത്തിനായുള്ള ഡ്രോണുകള്‍ വരെ കരസേന നിര്‍മ്മിച്ചു കഴിഞ്ഞു.

Kargil Vijay Diwas