ആര്‍മി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തൊഴില്‍ തട്ടിപ്പ്: യുവാവ് പിടിയില്‍

ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതിന് പുറമെ സൈനികരുടെ ആശ്രിതര്‍ക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ വാങ്ങിത്തരാമെന്നു പറഞ്ഞും ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിയതായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കണ്ടെത്തിയിട്ടുണ്ട്.

author-image
Prana
New Update
army job scam

കരസേനാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തൊഴില്‍ തട്ടിപ്പ് നടത്തിയ യുവാവിനെ ആഗ്രയില്‍ പിടികൂടി. ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതിന് പുറമെ സൈനികരുടെ ആശ്രിതര്‍ക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ വാങ്ങിത്തരാമെന്നു പറഞ്ഞും ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിയതായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കണ്ടെത്തിയിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയായിരുന്നു.
ഉത്തര്‍ പ്രദേശിലെ മധുര സ്വദേശിയായ വിക്രം സിങ് എന്നയാളാണ് പിടിയിലായത്. വ്യാജ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ച് സൈനിക മേഖലകളില്‍ ഇയാള്‍ കടന്നുകയറിയതായും സൈനിക ആശ്രിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കിത്തരാമെന്ന് പറഞ്ഞും സൈനിക ക്യാന്റീനില്‍ ജോലി വാഗ്ദാനം ചെയ്തും നിരവധിപ്പേരില്‍ നിന്ന് പണം വാങ്ങിയതായും കണ്ടെത്തി. ഉദ്യോഗസ്ഥര്‍ വഴിയില്‍ വെച്ച് ഇയാളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നതിന്റെയും യുവാവ് കുറ്റങ്ങള്‍ സമ്മതിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് വഴിയില്‍ കാത്തു നിന്ന എസ്.ടി.എഫ് അംഗങ്ങള്‍ ഇയാളെ പിടികൂടിയത്.
പരിശോധനയില്‍ പോക്കറ്റില്‍ നിന്ന് വ്യാജ സൈനിക തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തി. ബാഗില്‍ സൈനിക യൂണിഫോമും ഷൂസുമുണ്ടായിരുന്നു. ഐഡി കാര്‍ഡിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് സ്വന്തം വിവരങ്ങള്‍ കൊടുത്ത് തയ്യാറാക്കിയതാണെന്ന് പറയുകയും ചെയ്തു. സൈന്യത്തില്‍ ജോലി ചെയ്യുകയാണോ എന്ന് ചോദിച്ചപ്പോള്‍ അല്ലെന്നാണ് മറുപടി.
ആര്‍മി ക്യാന്റീനില്‍ ഇന്‍ ചാര്‍ജായി ജോലി ചെയ്യുന്നുവെന്നായിരുന്നു ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതെന്നും ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്ന് പണം വാങ്ങിയതയാും ഇയാള്‍ സമ്മതിക്കുന്നുണ്ട്. ആര്‍മി ക്യാന്റീനില്‍ ജോലി കിട്ടാന്‍ ഇയാള്‍ക്ക് പണം നല്‍കിയെന്ന് രണ്ട് പേരും സമ്മതിച്ചു. ആര്‍മി ക്യാന്റീന്‍ കാര്‍ഡും വ്യാജ ആശ്രിത കാര്‍ഡും കിട്ടാന്‍ 20,000 രൂപയാണത്രെ വാങ്ങിയത്. നേരത്തെ മറ്റ് ചില കേസുകളില്‍ തടവില്‍ കഴിഞ്ഞിട്ടുള്ളയാളാണ് ഇയാള്‍. വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

agra Indian army Job Scam Arrest