സംഭാല്‍ ശാന്തമല്ല. യോഗി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഷാഹി ജുമാ മസ്ജിദിന്റെ സര്‍വേ നടത്തുന്നതിനായി എത്തിയ സര്‍വേയര്‍മാരുടെ സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. സുരക്ഷക്കായി പോലീസിനെ വിന്യസിച്ചുവെങ്കിലും സംഘര്‍ഷം രൂക്ഷമായി. സര്‍വേയെക്കുറിച്ച് പോലീസുമായി നടന്ന വാക്കേറ്റമാണ് പിന്നീട് സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. വാഹനങ്ങള്‍ കത്തിക്കുകയും സര്‍വേ നടത്തുന്നവര്‍ക്ക് നേരെ കല്ലേറുമുണ്ടായി. ഇതിനിടയില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. സര്‍വേ തടയാന്‍ എത്തിയ യുവാക്കളാണ് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. 20 പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കോടതി ഉത്തരവ് അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്കെത്തിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് സംഭാല്‍ താലൂക്കില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. 12-ാം ക്ലാസ് വരെയുള്ള വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
ഷാഹി ജുമാമസ്ജിദിന് സമീപം തടിച്ചുകൂടിയ ആളുകള്‍ സര്‍വേ സംഘം ജോലി ആരംഭിച്ചതോടെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. പ്രതിഷേധക്കാര്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ഷാഹി ജുമാ മസ്ജിദിന് മുന്നില്‍ നിന്നും പൊലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞതോടെ ഇടുങ്ങിയ ഇടവഴിയില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും പിന്നീട് വെടിവയ്ക്കുകയുമായിരുന്നു.
1529-ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ ഈ സ്ഥലത്ത് നിലനിന്നിരുന്ന ക്ഷേത്രം തകര്‍ത്തുവെന്നാണ് ഹിന്ദു പക്ഷത്തിന്റെ ആരോപണം. ബാബര്‍ ഹരിഹര്‍ മന്ദിര്‍ തകര്‍ത്ത് ജുമാ മസ്ജിദ് പണികഴിപ്പിച്ചെന്ന് ആരോപിച്ച ഹിന്ദു സംഘടനകള്‍ നവംബര്‍ 19-ന് സംഭാലിലെ പ്രാദേശിക കോടതിയെ സമീപിച്ചിരുന്നു. സിവില്‍ ജഡ്ജി ആദിത്യ സിംഗ് സര്‍വേ നടത്താന്‍ ഉത്തരവിടുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി നവംബര്‍ 29 ആക്കുകയും ചെയ്തു.
'ഒരു സംരക്ഷിത സ്മാരകമാണ്', ജുമാ മസ്ജിദ്. 1920 ഡിസംബര്‍ 22-ന്, പുരാതന സ്മാരക സംരക്ഷണ നിയമത്തിന്റെ, 1904-ലെ സെക്ഷന്‍ 3, സബ്-സെക്ഷന്‍ (3) പ്രകാരം വിജ്ഞാപനം ചെയ്ത് മസ്ജിദ് 'ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആകെ എട്ട് ഹര്‍ജിക്കാരാണ് സംഭാല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ ജ്ഞാനവാപി പള്ളി-കാശി വിശ്വനാഥ് തര്‍ക്കത്തില്‍ അഭിഭാഷകന്‍ കൂടിയായ ഹരി ശങ്കര്‍ ജെയിനും ഉള്‍പ്പെടുന്നു. അഭിഭാഷകന്‍ പാര്‍ത്ഥ് യാദവ്, സംഭാലിലെ കല്‍ക്കി ദേവി ക്ഷേത്രത്തിലെ മഹന്ത് ഋഷിരാജ് ഗിരിയും. നോയ്ഡ നിവാസിയായ വേദ് പാല്‍ സിംങ്, സംഭാല്‍ നിവാസികളായ രാകേഷ് കുമാര്‍, ജിത്പാല്‍ യാദവ്, മദന്‍പാല്‍,ദീനനാഥ് എന്നിവരാണ് മറ്റ് ഹര്‍ജിക്കാര്‍
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീ ഹരിഹര്‍ ക്ഷേത്രം സാംഭാല്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് ജുമാ മസ്ജിദ് കമ്മിറ്റി ബലപ്രയോഗത്തിലൂടെയും നിയമവിരുദ്ധമായും ഉപയോഗിക്കുന്നു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. സംഭാല്‍ ഒരു ചരിത്ര നഗരമാണെന്നും അതിന് ഹിന്ദു ശാസ്ത്രങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ സവിശേഷമായ പ്രാധാന്യമുണ്ടെന്നും, അതനുസരിച്ച് ഭാവിയില്‍ കല്‍ക്കി എന്നറിയപ്പെടുന്ന മഹാവിഷ്ണുവിന്റെ അവതാരം പ്രത്യക്ഷപ്പെടുന്ന ഒരു പുണ്യസ്ഥലമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു.
പുരാതന കാലത്ത് മഹാവിഷ്ണുവും ശിവനും അടങ്ങുന്ന ഒരു അദ്വിതീയ 'വിഗ്രഹം' ഉദയം ചെയ്തതായി ഹിന്ദു ഗ്രന്ഥങ്ങള്‍ സ്ഥിരീകരിക്കുന്നുവെന്നും , അതിനാലാണ് ഇതിനെ 'ശ്രീ ഹരി ഹര്‍' ക്ഷേത്രം എന്ന് വിളിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. സഭാലിലെ ശ്രീ ഹരി ഹര്‍ ക്ഷേത്രം പ്രപഞ്ചത്തിന്റെ തുടക്കത്തില്‍ ഭഗവാന്‍ വിശ്വകര്‍മ്മാവ് നിര്‍മ്മിച്ചതാണെന്നും ഹർജിയിൽ പറയുന്നുണ്ട്.
1526-ൽ ബാബര്‍ ഇന്ത്യയെ ആക്രമിക്കുകയും ഇസ്ലാമിന്റെ ശക്തി കാണിക്കാന്‍ നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. 1527-28 കാലഘട്ടത്തില്‍ ബാബര്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് ഹിന്ദു ബേഗ്, സംഭാലിലെ ശ്രീ ഹരിഹര്‍ ക്ഷേത്രം ഭാഗികമായി തകര്‍ത്തുവെന്നും അത് മുസ്ലീങ്ങള്‍ പള്ളിയായി ഉപയോഗിക്കുന്നതിനായി ക്ഷേത്ര കെട്ടിടം കൈവശപ്പെടുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു.1958ല്‍ വന്ന നിയമം പ്രകാരമാണ് സ്മാരകം സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും നിയമത്തിലെ സെക്ഷന്‍ 18 പ്രകാരം പൊതുജനങ്ങള്‍ക്ക് 'സംരക്ഷിത സ്മാരകത്തിലേക്ക് പ്രവേശനത്തിനുള്ള അവകാശമുണ്ടെന്നുമാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന വാദം.