arunachal pradesh sikkim assembly election results
ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അരുണാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിൽ വേട്ടെണ്ണൽ പുരോഗമിക്കുന്നു.അരുണാചലിൽ ബിജെപിയ്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ് ആദ്യഘട്ട ഫലസൂചനകൾ.സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ച തുടർഭരണത്തിലേക്കെന്നാണ് ഫലങ്ങൾ നൽകുന്ന സൂചന.
ഇരുസംസ്ഥാനങ്ങളിലും രാവിലെ 6 മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്.താരതമ്യേന ചെറിയ സംസ്ഥാനങ്ങളാണ് അരുണാചൽ പ്രദേശും, സിക്കിമും. വാശിയേറിയ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പിനാണ് രണ്ട് സംസ്ഥാനങ്ങളും സാക്ഷ്യം വഹിച്ചത്. 60 നിയമസഭ മണ്ഡലങ്ങളാണ് അരുണാചൽ പ്രദേശിൽ ഉള്ളത്.
നിലവിൽ അരുണാചൽ പ്രദേശിലെ ഭരണപാർട്ടിയായ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മുഖ്യമന്ത്രി പെമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മേയും അടക്കം പത്ത് പേര് എതിരില്ലാതെ ഇതിനോടകം തിരഞ്ഞെടുക്കപ്പെട്ടു എന്നത് ബിജെപി ആത്മവിശ്വാസം വർധിപ്പിച്ചു. തിരഞ്ഞെടുപ്പ് നടന്ന ബാക്കി 50 സീറ്റിൽ മികച്ച മത്സരമാണ് കോൺഗ്രസ് കാഴ്ച വെച്ചത്.
32 മണ്ഡലങ്ങളുള്ള സിക്കിമിൽ പ്രാദേശിക പാർട്ടികൾ തമ്മിലാണ് മത്സരം. നിലവിൽ ഭരണം സിക്കിം ക്രാന്തികാരി മോർച്ചയുടെ കൈയ്യിലാണ്. ഇത് തിരിച്ചു പിടിക്കാനാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ശ്രമം. വലിയ ശക്തികൾ അല്ലെങ്കിലും കോൺഗ്രസും ബിജെപിയും സിറ്റിസൺ ആക്ഷൻ പാർട്ടിയും സംസ്ഥാനത്ത് മത്സരംഗത്തുണ്ട്.
മുഖ്യമന്ത്രി പ്രേം സിങ് തമാങിന്റെ നേതൃത്വത്തിലായിരുന്നു സിക്കിം ക്രാന്തികാരി മോർച്ചയുടെ ഭരണം നിലനിർത്താനുള്ള പോരാട്ടം. അഞ്ച് തവണ മുഖ്യമന്ത്രിയായിരുന്ന പവൻ കുമാർ ചാംലിംഗിന്റെ നേതൃത്വത്തിലാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് സംസ്ഥാനം തിരിച്ച് പിടിക്കാൻ രംഗത്തുള്ളത്. മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാനാർത്ഥിയാണ്.